കൊച്ചി: കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമെന്ന അഭിമാന നേട്ടം സ്വന്തമാക്കി എറണാകുളം ജില്ലയിലെ കീഴ്മാട് ഗ്രാമപഞ്ചായത്ത്.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച്, 150ല്‍ 144 മാര്‍ക്കുകള്‍ കരസ്ഥമാക്കിയാണ് ഈ മാതൃകാ നേട്ടം കൈവരിച്ചത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പഞ്ചായത്ത് പരിധിയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വില്പനയോ ഉപയോഗമോ പരസ്യങ്ങളോ ഉണ്ടാകില്ല.
പദ്ധതിയുടെ പ്രധാന പ്രത്യേകതകള്‍
വിദ്യാലയങ്ങളുടെ 100 മീറ്റര്‍ ചുറ്റളവില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് കര്‍ശനമായി വിലക്കി.
18 വയസ്സിന് താഴെയുള്ള കുട്ടികളുടെ കൈകളില്‍ ലഹരി വസ്തുക്കള്‍ എത്താതിരിക്കാന്‍ പ്രത്യേക ജാഗ്രത പാലിക്കുന്നു.
പൊതുസ്ഥലങ്ങളിലെ പുകവലി പൂര്‍ണ്ണമായി നിരോധിക്കുകയും ബോധവല്‍ക്കരണം ശക്തമാക്കുകയും ചെയ്തു.
നിയമ ലംഘനം നടത്തിയവരില്‍ നിന്ന് പിഴയായി ഇതുവരെ 14,800 രൂപ ഈടാക്കി.
സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ 'പുകയില രഹിത മേഖല' ബോര്‍ഡുകള്‍ സ്ഥാപിച്ചു.
നാടിന്റെ ഈ കൂട്ടായ്മയ്ക്ക് പിന്നില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേന, പഞ്ചായത്ത് പ്രതിനിധികള്‍, അങ്കണവാടി ജീവനക്കാര്‍, വ്യാപാരികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സജീവമായ പങ്കാളിത്തമുണ്ടായിരുന്നു. കൂടാതെ, പഞ്ചായത്തിന്റെ പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകാന്‍ പ്രശസ്ത ഹാസ്യനടന് സാജു കൊടിയനെ ബ്രാന്‍ഡ് അംബാസഡറായും തിരഞ്ഞെടുത്തു.






