തിരുവനന്തപുരം: എക്സൈസ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പടിയിറങ്ങും മുമ്പ് എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട്.
ജോയിൻ്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദിനും ഡെപ്യൂട്ടി കമ്മിഷണർ അജയ്ക്കുമെതിരെ മാസപ്പടി, അനധികൃത സ്വത്ത് സമ്പാദനം അടക്കം കണ്ടെത്തലുകള്‍ ഉണ്ടെന്ന് സീറാം സാംബശിവ റാവുവില്‍ റിപ്പോർട്ടില്‍ പറയുന്നു.
ഇന്നലെയാണ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ നല്കി സർക്കാരിന് റിപ്പോർട്ട് നല്‍കിയത്. കായംകുളത്തെ റോമാ സെന്റർ ബാറുമായി എക്സൈസ് മന്ത്രിക്ക് അടുത്ത പരിചയമെന്നും റിപ്പോർട്ടില്‍ പറയുന്നു.
എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു സർക്കാരിന് നല്കിയ റിപ്പോർട്ടില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര കൈക്കൂലി ആരോപണങ്ങളാണ് ഉള്ളത്. ജോയിൻ്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ്, ഡെപ്യൂട്ടി കമ്മിഷണർ അജയ് എന്നിവർക്കെതിരെ ആണ് കണ്ടെത്തല്‍.
എസ് വിനോദ് മൂവാറ്റുപുഴ ഗംഗാ ബാർ ഉടമയുമായി ബന്ധം പുലർത്തുകയും ലൈസൻസ് സംബന്ധമായ കാര്യങ്ങള്‍ക്ക് ലെയ്സണ്‍ ആയി പ്രവർത്തിക്കുകയും ചെയ്തു. ഗംഗാബാറില് നിന്നും 50,000 രൂപ കൈപ്പറ്റി.
അജയ് കായംകുളം കറ്റച്ചിറയിലെ റോമ സെന്റർ ബാറില്‍ ഇൻസ്പെക്ഷന് പോകുമ്പോള്‍ ബാർ ഉടമയില്‍ നിന്നും കൈക്കൂലി കൈപ്പറ്റുന്നു. എസ്. വിനോദ്, അജയ് എന്നിവരെ അടിയന്തരമായി ഫീല്‍ഡ് ചുമതലകളില്‍ നിന്ന് നീക്കണം, മാസപ്പടി, വരുമാനത്തില്‍ കവിഞ്ഞ അനധികൃത സ്വത്ത് സമ്പാദനം, ബിനാമി ഇടപാടുകള്‍ എന്നിവയില്‍ ഈ രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണം വേണമെന്നും സീറാം സാംബശിവ റാവു പറയുന്നു.
കായംകുളത്തെ റോമാ സെന്റർ ബാറുമായി എക്സൈസ് മന്ത്രിക്ക് അടുത്ത പരിചയമെന്ന ഗുരുതര പരാമർശവും റിപ്പോർട്ടില്‍ ഉണ്ട്.






