കൊച്ചി: കൊച്ചിയില്‍ യുവനടിയുടെ ബന്ധുവിനെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഡോക്ടര്‍ക്കെതിരെ തിരച്ചില്‍ ഊർജിതമാക്കി പൊലീസ്.
ആശുപത്രിയില്‍ നിന്നും പിരിച്ചുവിട്ട ഡോക്ടർ ജോണ്സണ് കെ. വര്‍ഗീസ്, ബലാത്സംഗക്കേസിനെ തുടർന്ന് ഒളിവില്‍ പോയിരുന്നു.
ഇയാളുടേതായി പൊലീസ് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ സ്ത്രീകളുടേതായി 40 ലധികം സ്വകാര്യ വീഡിയോ ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത ഉപകരണങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പൊലീസ് നടത്തിവരികയാണ്.
ഡോക്ടർ ജോണ്‍സണെ കാണാനെത്തിയ യുവതിക്ക് ലഹരി നല്കി പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
അതേസമയം, പണം ആവശ്യപ്പെട്ട് സിനിമ താരം അതുല്യ ചന്ദ്രയും സുഹൃത്തുക്കളും മർദിച്ചുവെന്ന ജോണ്‍സന്റെ പരാതിയില്‍ കടവന്ത്ര പൊലീസ് നടിയെ ഉള്‍പ്പെടെ മൂന്നുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഡോക്ടറെ മർദിച്ച സംഭവത്തില്‍ സിനിമാ താരം ഉള്‍പ്പെടെ മൂന്നുപേരായിരുന്നു പിടിയിലായിരുന്നത്. രോഗിയെ ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി മര്‍ദിച്ചുവെന്നായിരുന്നു പരാതി.
ഡോക്ടറുടെ മൊബൈല്‍ ഫോണുകളും വാച്ചും സംഘം കവര്‍ന്നുവെന്നും പരാതിയിലുണ്ട്. പിന്നാലെയാണ് നടി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.
12 പേരടങ്ങുന്ന സംഘം തന്നെ മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍മാര്‍ നേരിട്ടെത്തി പരാതി നല്‍കിയത്. നടിയും ഇവരുടെ സുഹൃത്തുക്കളായ കണ്ടാലറിയാവുന്ന 11 പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്.
നടിയെ കൂടാതെ ജിതിന്, വിഷ്ണു എന്നിവരാണ് പൊലീസിന്റെ പിടിയിലായ മറ്റ് രണ്ടുപേര്‍. യുവനടിയുടെ കുടുംബ ഡോക്ടറായിരുന്നു മര്ദനമേറ്റയാളെന്നും റിപ്പോര്‍ട്ടുണ്ട്.






