കോട്ടയം: എല്ലാവർക്കും ഇഷ്ടമുള്ളതും പോഷകസമ്പന്നവുമായ ഭക്ഷണങ്ങളിലൊന്നാണ് മുട്ട.
പ്രോട്ടീനും ധാതുക്കളും വിറ്റാമിനുകളും ഏതുമായിക്കോട്ടെ എല്ലാറ്റിനും മുമ്പനാണ് മുട്ട.
എന്നാല്‍ മുട്ട കഴിക്കുന്ന കാര്യത്തില്‍ ആളുകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
ചിലർ മുട്ട മുഴുവനായി (മഞ്ഞക്കരുവും വെളുത്ത ഭാഗവും) കഴിക്കുമ്പോള്‍, മറ്റ് ചിലർ മഞ്ഞക്കരു ഒഴിവാക്കി വെളുത്ത ഭാഗം മാത്രമാണ് കഴിക്കാൻ തെരഞ്ഞെടുക്കാറുള്ളത്. മുട്ട മുഴുവനായി കഴിക്കുന്നതും വെളുത്ത ഭാഗമോ, മഞ്ഞ ഭാഗമോ മാത്രം കഴിക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണെന്ന് നോക്കാം.
മഞ്ഞ ഭാഗം മാത്രം കഴിക്കുമ്പോള്‍
വിറ്റാമിൻ ഡി, വിറ്റാമിൻ ബി, കോളിൻ തുടങ്ങിയ അവശ്യ വിറ്റാമിനുകളും ആരോഗ്യമുള്ള കൊഴുപ്പും പോഷകങ്ങളും അടങ്ങിയിരിക്കുന്നത് മുട്ടയുടെ മഞ്ഞക്കരുവിലാണ്.
വെളുത്ത ഭാഗം മാത്രം കഴിക്കുമ്പോള്‍
വളരെ കുറഞ്ഞ പ്രോട്ടീൻ മാത്രമാണ് വെളുത്ത ഭാഗത്തിലുള്ളത്. വേഗത്തില്‍ തടി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെങ്കില്‍ അഞ്ച് മുട്ടയുടെ വെളുത്ത ഭാഗം കഴിക്കുന്നതാണ് നല്ലത്. കുറഞ്ഞ കലോറിയില്‍ കൂടുതല്‍ പ്രോട്ടീൻ ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കും.
രണ്ട് മുട്ട മുഴുവനായി കഴിക്കുന്നതാണോ അഞ്ച് മുട്ടയുടെ വെളുത്ത ഭാഗം കഴിക്കുന്നതാണോ മികച്ച ഫലം നല്‍കുക?
രണ്ട് മുഴുവൻ മുട്ടകളില്‍ നിന്നും ഏകദേശം 140 കലോറിയും 12 ഗ്രാം ഉയർന്ന ഗുണനിലവാരമുള്ള പ്രോട്ടീനും ലഭിക്കും. അതേസമയം അഞ്ച് മുട്ടകളുടെ വെളുത്ത ഭാഗത്തുനിന്ന് ലഭിക്കുന്നത് 85 കലോറിയും 18 ഗ്രാം പ്രോട്ടീനുമാണ്.
മഞ്ഞയോ വെള്ളയോ, ഏതാണ് കൂടുതല്‍ ആരോഗ്യകരം?
മുട്ട മുഴുവനായി കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്. മഞ്ഞക്കരു ഒഴിവാക്കുമ്പോള്‍ മുട്ടയിലുള്ള ആകെ പ്രോട്ടീന്റെ 43 ശതമാനവും 90 ശതമാനത്തോളം വിറ്റാമിനുകളും ധാതുക്കളുമാണ് നാം കളയുന്നത്. എന്നാല്‍ ഹൃദ്രോഗമുള്ളവർ, ഉയർന്ന കൊളസ്ട്രോള്‍ ഉള്ളവർ, കർശനമായ ഡയറ്റിലുള്ളവർ എന്നിവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം തെരഞ്ഞെടുക്കണം.






