കോട്ടയം: പ്രോട്ടീൻ, വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി എന്നിങ്ങനെ നിരവധി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് മുട്ട.
ദിവസവും മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അത് കൊണ്ട് തന്നെ ആരോഗ്യത്തിന് വളരെ നല്ലതുമാണെന്ന് വിദഗ്ധർ പറയുന്നു.
മുട്ട എങ്ങനെ കൃത്യമായി പുഴുങ്ങണം എന്ന് പലർക്കും അറിയില്ല.
ചിലപ്പോള്‍ മുട്ട പുഴുങ്ങിക്കഴിയുമ്പോള് കൂടുതല്‍ വെന്ത് മഞ്ഞക്കരുവിന് ചുറ്റും പച്ച നിറത്തിലുള്ള ഒരു വളയം ഉണ്ടാവുക പോലുളള പ്രശ്നങ്ങളുണ്ടാകും.
മുട്ട പുഴുങ്ങാൻ എടുക്കുന്ന സമയം കുറഞ്ഞുപോയാല്‍ മഞ്ഞക്കരു ഒലിച്ചിറങ്ങുന്ന രീതിയിലായിരിക്കും. വെള്ളക്കരു ശരിയായി ഉറച്ചിട്ടുണ്ടാകില്ല. ഇനി സമയം കൂടിപ്പോയാലോ മഞ്ഞക്കരു വരണ്ടുപോകുകയും വെള്ളക്കരു റബ്ബർ പോലെ കട്ടിയാവുകയും ചെയ്യും.
നിങ്ങള്‍ക്ക് സോഫ്റ്റ്-ബോയില്‍ഡ് മുട്ട ആണ് വേണ്ടതെങ്കില്‍ 4 മുതല്‍ 6 മിനിറ്റ് വരെ വേണം മുട്ട പുഴുങ്ങാൻ. ഇങ്ങനെ ചെയ്യുമ്പോള്‍ വെള്ളക്കരു നന്നായി ഉറച്ചിരിക്കും. എന്നാല്‍ മഞ്ഞക്കരു നല്ല മൃദുവായും ഒഴുകുന്ന രീതിയിലുമായിരിക്കും.
മീഡിയം-ബോയില്‍ഡ് മുട്ട ആണ് വേണ്ടതെങ്കില്‍ 7 മുതല്‍ 9 മിനിറ്റ് വരെ പുഴുങ്ങാം. ഈ മുട്ടയുടെ മഞ്ഞക്കരു പകുതി ഉറച്ചതും ക്രീം പോലെയുള്ളതുമായിരിക്കും. എന്നാല്‍ പൂർണ്ണമായും കട്ടിയായിട്ടുണ്ടാകില്ല.
ഹാർഡ്-ബോയില്‍ഡ് മുട്ട ആണ് നിങ്ങള്‍ക്ക് വേണ്ടത് എങ്കില്‍ 10 മുതല്‍ 12 മിനിറ്റ് വരെ പുഴുങ്ങാം. മുട്ട അധികം വെന്തുപോകാതെ തന്നെ മഞ്ഞക്കരു പൂർണ്ണമായും ഉറച്ചതും കട്ടിയുള്ളതുമായിരിക്കും. 12 മിനിറ്റില്‍ കൂടുതല്‍ മുട്ട പുഴുങ്ങുന്നത് ഒഴിവാക്കുക. മുട്ടയിലുള്ള ഇരുമ്പും സള്‍ഫറും തമ്മില്‍ പ്രവർത്തിച്ച് മഞ്ഞക്കരുവിന് പച്ച കലർന്ന ചാരനിറം വരുന്നത് തടയാൻ ഇത് സഹായിക്കും.






