മുംബയ്: ചികിത്സയ്ക്കായി മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും വൻതുക ഈടാക്കുന്ന ആശുപത്രികളുടെ തീവെട്ടി കൊള്ളക്കെതിരെ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ തുക്കാറാം മുണ്ടെ ഐഎഎസ്.
ആശുപത്രി ബില്ലുകളിലെ വലിയ തുക പലപ്പോഴും രോഗികള്‍ക്ക് കൃത്യമായി മനസിലാക്കാൻ കഴിയാത്ത ഇത്തരം ഉപകരണങ്ങളുടെ പേരിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിലെ ആശുപത്രികളില്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളെക്കുറിച്ച് നടത്തിയ ഒരു സർവേയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. യഥാർത്ഥ വിലയും പാക്കറ്റിന് മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിലയും തമ്മില്‍ ആകാശവും ഭൂമിയും തമ്മിലുള്ള വ്യാത്യാസമുണ്ടെന്ന് സർവേയില്‍ കണ്ടെത്തിയതായി അദ്ദേഹം വ്യക്തമാക്കി.
'വെറും 11.05 രൂപയ്ക്ക് വാങ്ങുന്ന ഐവി ഇൻഫ്യൂഷൻ സെറ്രിന് ഈടാക്കുന്ന എംആർപി 325 രൂപയാണ്. 6.75 രൂപ വിലയുള്ള സിറിഞ്ചിന്റെ എംആർപി 57.20 രൂപയാണ്. 29.41 രൂപയ്ക്ക് വാങ്ങുന്ന കത്തീറ്ററിന് ആശുപത്രി ബില്ലില്‍ വരുന്നത് 310 രൂപയാണ്.'- തുക്കാറാം മുണ്ടെ വിശദീകരിച്ചു.
എന്നാല്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് ഈ കൊള്ളവിലയെ ചോദ്യം ചെയ്യാനോ മറ്റു മാർഗങ്ങള്‍ തേടാനോ കഴിയാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനികളും വിതരണക്കാരും ചേർന്നാണ് ഈ വലിയ എംആർപി നിശ്ചയിക്കുന്നത്. അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കാൻ കൃത്യമായ നിയമങ്ങളുണ്ടെങ്കിലും ഭൂരിഭാഗം മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ഇത്തരം വിലനിയന്ത്രണങ്ങളുടെ പരിധിയില്‍ വരുന്നില്ലെന്നതാണ് ഈ ചൂഷണത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഈ വിഷയത്തില്‍ കൃത്യമായ വില നിയന്ത്രണ മാനദണ്ഡങ്ങള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ ഫാർമസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിക്കും ഡിപ്പാർട്ട്മെന്റ് ഓഫ് ഫാർമസ്യൂട്ടിക്കല്‍സിനും ശുപാർശ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തില്‍ മായം കലർന്നുവെന്ന് കണ്ടെത്തിയതിന്റേ പേരില്‍ മഹാരാഷ്ട്രയില്‍ നിരവധി പ്രമുഖ ഭക്ഷണകേന്ദ്രങ്ങള്‍ അടച്ചൂപൂട്ടിച്ച ഫുഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണറാണ് ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായ തുക്കാറാം മുണ്ടെ. വിദേശകമ്പനികളായ മക്ഡൊണാള്‍ഡ് ഉള്‍പ്പെടെയുള്ളവരുടെ കേന്ദ്രങ്ങളിലെ ഭക്ഷണത്തിലെ മായം ചൂണ്ടിക്കാട്ടി അദ്ദേഹം പൂട്ടിച്ചത് വലിയ വിവാദമായിരുന്നു.






