തിരുവനന്തപുരം: സംസ്ഥാനത്ത് നിലനില്‍ക്കുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും അപ്രഖ്യാപിത ലോഡ്ഷെഡിംഗും പരിഹരിക്കുന്നതിനായി അടിയന്തര നടപടികളുമായി സർക്കാർ മുന്നോട്ട്.
വരുംദിവസങ്ങളില്‍ കൂടുതല്‍ വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ഇബി ചെയർമാൻ എം. ജി. രാജമാണിക്യം മുംബൈയിലേക്ക് തിരിക്കും. നാളെ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ചെയർമാനുമായി നടത്തുന്ന നിർണ്ണായക കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തേക്ക് കൂടുതല്‍ വൈദ്യുതി ആവശ്യപ്പെടും.
വൈകുന്നേരങ്ങളില്‍ കൃത്യം ആറു മണി കഴിയുന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പവർകട്ടും വോള്‍ട്ടേജ് ക്ഷാമവും പതിവാകുന്ന പശ്ചാത്തലത്തിലാണ് കെഎസ്ഇബിയുടെ ഈ അടിയന്തര നീക്കം. കനത്ത ചൂടും ആവശ്യകതയിലെ വലിയ വർദ്ധനവും കാരണം വിയർത്തു കുളിക്കുന്ന ജനങ്ങള്‍ക്കിടയില്‍ വിഷയം വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. അതിനാല്‍ തന്നെ കേന്ദ്ര വിഹിതവും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള വൈദ്യുതിയും വേഗത്തില്‍ എത്തിക്കുക മാത്രമാണ് പ്രതിസന്ധി മറികടക്കാനുള്ള ഏക മാർഗ്ഗമായി കെഎസ്ഇബി കാണുന്നത്.
അതിനിടെ, ഹിമാചല്‍ പ്രദേശില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ ഉയർന്ന നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി കത്തയച്ചു. യൂണിറ്റിന് 13.50 രൂപ നിരക്കില്‍ വൈദ്യുതി നല്‍കാമെന്നാണ് ഹിമാചല്‍ പ്രദേശ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ രാത്രിയും പകലും ഒരേ ഉയർന്ന നിരക്ക് ഈടാക്കുന്നതിലെ അപ്രായോഗികത ചൂണ്ടിക്കാട്ടിയാണ് നിരക്ക് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മെയില്‍ അയച്ചിരിക്കുന്നത്.
നിലവിലെ കരാർ പ്രകാരം രാത്രി സമയങ്ങളില്‍ വെറും 80 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഹിമാചല്‍ പ്രദേശില്‍ നിന്ന് ലഭ്യമാകുന്നത്. ഇത് സംസ്ഥാനത്തെ നിലവിലെ ഉയർന്ന ആവശ്യകത നേരിടാൻ തീർത്തും അപര്യാപ്തമാണ്. ഈ സാഹചര്യത്തിലാണ് രാത്രികാലങ്ങളിലെ ക്ഷാമം പരിഹരിക്കുന്നതിനായി വൈകീട്ട് 6 മണി മുതല്‍ രാവിലെ 6 മണി വരെയുള്ള സമയങ്ങളില്‍ കൂടുതല്‍ വൈദ്യുതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കത്ത് നല്‍കിയിട്ടുള്ളത്.
കേന്ദ്ര ആണവ നിലയങ്ങളില്‍ നിന്നും ഹിമാചല്‍ പ്രദേശില്‍ നിന്നും കൂടുതല്‍ വൈദ്യുതി കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാൻ കഴിഞ്ഞാല്‍ മാത്രമേ വരുംദിവസങ്ങളില്‍ കേരളത്തിന് രാത്രികാല വൈദ്യുതി നിയന്ത്രണങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കൂ. അതിനാല്‍ തന്നെ കെഎസ്ഇബി ചെയർമാന്റെ മുംബൈ സന്ദർശനവും ന്യൂക്ലിയർ പവർ കോർപ്പറേഷനുമായുള്ള ചർച്ചകളും സർക്കാരിനും പൊതുജനങ്ങള്‍ക്കും ഏറെ നിർണ്ണായകമാണ്.






