കോഴിക്കോട്: ഹവാല- സ്വർണ്ണക്കടത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട് ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പരിശോധനകളില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തെന്ന് ഇഡി.
തുടർനടപടികളിലേക്ക് ഉടൻ കടക്കും. അതേസമയം, തന്റെ വീട്ടില്‍ നടന്ന പരിശോധന ആള് മാറിയാണെന്ന ആരോപണം കൊയിലാണ്ടി സ്വദേശി നൗഷാദ് ഇന്നും ആവർത്തിച്ചു. വീട്ടില്‍ നിന്നും കുറ്റകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കി ഇന്നലെ പരിശോധനയ്ക്കുശേഷം ഉദ്യോഗസ്ഥര്‍ നല്കിയ രേഖയും നൗഷാദ് മാധ്യമങ്ങളെ കാണിച്ചു.
സ്വർണക്കടത്ത് ഹവാല ഇടപാടുകളുകളുമായി ബന്ധപ്പെട്ട് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 10 ഇടങ്ങളിലാണ് ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തിയത്. കേരളത്തിലേക്കുള്ള സ്വർണക്കള്ളക്കടത്തിലും ഹവാല പണമിടപാടിലും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വിവിധ സ്ഥലങ്ങളില്‍ നിന്നും നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും തുടർ നടപടികളിലേക്ക് കടക്കുമെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു. ബന്ധപ്പെട്ടവരെ നോട്ടീസ് നല്കി വിളിപ്പിക്കും.
എന്നാല്‍, ഇന്നലെ തന്റെ വീട്ടില്‍ നടന്ന പരിശോധന ആള് മാറിയാണെന്ന് കൊയിലാണ്ടി സ്വദേശിയായ നൗഷാദ് മാധ്യമങ്ങളോട് ഇന്നും ആവർത്തിച്ചു. വീട്ടില്‍ നിന്നും കുറ്റകരമായ ഒരു തെളിവും കണ്ടെത്താനായില്ലെന്ന് പരിശോധനക്ക് ഒടുവില്‍ ഇഡി ഉദ്യോഗസ്ഥർ രേഖാമൂലം അറിയിച്ചിരുന്നു. ഈ റിപ്പോർട്ടും നൗഷാദ് തെളിവായി പുറത്തുവിട്ടു.
മത്സ്യത്തൊഴിലാളിയായ താനും കുടുംബവും വലിയ പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നൗഷാദ് പറഞ്ഞു.
എന്നാല്‍, കൊയിലാണ്ടിയില്‍ ആളുമാറി പരിശോധന നടത്തിയെന്ന ആരോപണം ഇഡി വീണ്ടും തള്ളി. കൃത്യമായ വിവരങ്ങളുടെയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് എന്നും ഇഡി അറിയിച്ചു.






