ആലപ്പുഴ: മാസപ്പടിക്കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
ചെങ്ങന്നൂരിലെ പി ഡബ്യുഡിയുടെ റസ്റ്റ് ഹൗസില്‍ എത്തിയപ്പോഴാണ് ചോദ്യങ്ങളുമായി മാധ്യമപ്രവർത്തകർ ചുറ്റും കൂടിയത്. കാറില്‍ നിന്ന് ഇറങ്ങിയ പിണറായി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. പിന്നാലെ ഉള്ളിലേക്ക് കയറി വന്ന മാധ്യമ പ്രവർത്തകരോട് 'നിങ്ങള്‍ ബാത്ത്റൂമിലേക്ക് വരികയാണോ' എന്ന് ചോദിക്കുകയായിരുന്നു.
ഇതിന് പിന്നാലെ അദ്ദേഹത്തിന്റ സുരക്ഷാ ഉദ്യോഗസ്ഥർ മാദ്ധ്യമ പ്രവർത്തകരോട് പുറത്തേക്കിറങ്ങാൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ സിഎംആർഎല്‍ കമ്പനിയില്‍ നിന്ന് 3.28 കോടി രൂപ മകള്‍ വീണ വഴി കൈക്കൂലി വാങ്ങിയെന്നാണ് ഇഡിയുടെ കത്തില്‍ വ്യക്തമാക്കുന്നത്.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മകള്‍ വീണ, മരുമകനും മുൻമന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് ശുപാർശ നല്‍കിയിരുന്നു. ഇതുസംബന്ധിച്ച ഇഡിയുടെ കത്ത് ലഭിച്ചതായി ആഭ്യന്തരവകുപ്പ് മന്ത്രിയും ഡിജിപിയും സ്ഥിരീകരിച്ചു.
ഈ വാർത്തകള്‍ പുറത്തുവന്നെങ്കിലും സംഭവത്തില്‍ ഇതുവരെ പിണറായി പരസ്യപ്രതികരണം നടത്തിയിരുന്നില്ല. പിന്നാലെയാണ് ഇന്ന് മാദ്ധ്യമങ്ങള്‍ ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ ചോദിച്ചത്. എന്നാല്‍ പ്രതികരിക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറായില്ല.
അതേസമയം, കൈക്കൂലി വാങ്ങുന്നതിനും വഴിമാറ്റുന്നതിനും പിണറായി വിജയനെ സഹായിച്ചെന്നാണ് കത്തില്‍ വീണയ്ക്കെതിരെയുള്ള പരാമർശം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായ പി.എ.മുഹമ്മദ് റിയാസ് എംഎല്‍എ കൈക്കൂലി വാങ്ങുന്നതിനും ദുബായിലേയ്ക്ക് പണം കടത്തുന്നതിലും പങ്കുവഹിച്ചു. റിയാസിന്റെ സുഹൃത്തുക്കളായ ഷൈജല്‍ മുഹമ്മദ്, പി.നിഖില്‍, ഹസൻ വാരിസ്, വി.പി.ഫൈജാസ്, എം.നന്ദുലാല്‍ എന്നിവർ കൈക്കൂലിപ്പണം വിദേശത്തേക്ക് കടത്താൻ സഹായിച്ചെന്നും കത്തില്‍ പറയുന്നു. ഇവർക്കെതിരെയും അന്വേഷണം നടത്തണം.






