മുട്ടില്‍: മുട്ടില്‍ പഞ്ചായത്തിലെ വാര്യാട് പ്രദേശത്ത് വ്യാജ അലുമിനിയം പാത്രം വില്പനക്കെത്തിച്ച് ഉത്തരേന്ത്യൻ സംഘം ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് പിടികൂടി.
ഉത്തർപ്രദേശ് സ്വദേശികളാണ് വ്യാജ പാത്രങ്ങളുമായി വയനാട്ടില്‍ വില്പനക്കെത്തിയത്.
100 രൂപയ്ക്കാണ് പാത്രങ്ങള്‍ വിറ്റിരുന്നത്. ഗുണമേന്മയുള്ള അലുമിനിയം പാത്രങ്ങള്‍ക്ക് 400 മുതല്‍ 500 രൂപ വരെയാണ് വില വരുക. കൈ കൊണ്ട് ചുരണ്ടി നോക്കിയാല്‍ കൈയില്‍ അലുമിനിയം കോട്ടിങ് പുരളുന്ന രീതിയിലാണ് പാത്രങ്ങള്‍ കണ്ടെടുത്തതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
ഈ പാത്രങ്ങളില്‍ വെള്ളം ചൂടാക്കുന്നത് അപകടമാണ്. ആ വെള്ളം കുടിച്ചാല്‍ അലുമിനിയം കോട്ടിങ് ശരീരത്തിന്റെ അകത്തു പോകുമെന്നും കാൻസർ അടക്കമുള്ള രോഗങ്ങള്‍ക്ക് ഇതു കാരണമാകാമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. പൊലീസും ആരോഗ്യ വകുപ്പും ചേർന്ന് ഉത്തർപ്രദേശ് സ്വദേശികളുടെ വാടക ഗോഡൗണ്‍ പൂട്ടിച്ചു. ഉത്തർപ്രദേശില്‍ നിന്നുള്ള 10 മുതല്‍ 20 പേർ അടങ്ങുന്ന സംഘമാണ് വാര്യാട് ഗോഡൗണ്‍ വാടകയ്ക്ക് എടുത്ത് വ്യാജ അലുമിനിയം പാത്രം വിറ്റിരുന്നത്
ഗോഡൗണില്‍ നിന്ന് അലുമിനിയം കോട്ടിങ് പൂശിയ ഇരുമ്പ് പാത്രങ്ങള്‍ ഹരിയാന രജിസ്ട്രേഷനുള്ള ബൈക്കുകളിലാണ് വീടുകളിലേക്കു കൊണ്ടുവന്ന് വില്‍ക്കുന്നത്. സാധാരണക്കാരെയും ഇടത്തരക്കാരെയും ലക്ഷ്യമിട്ട് വില കുറച്ചാണ് ഇവർ വില്പന നടത്തിയിരുന്നത്. പാത്രങ്ങള്‍ ആർക്കെങ്കിലും ഇവർ വിറ്റിട്ടുണ്ടോ എന്നു പരിശോധിച്ചു വരുകയാണെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു.
സംഭവത്തില്‍ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മീനങ്ങാടി പൊലീസ് പറഞ്ഞു. നിലവില്‍ പ്രദേശത്ത് പാത്രങ്ങളുടെ വില്പന നിരോധിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംഘത്തെ ഇന്നലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. പരാതിയില്ലാത്തതിനാല്‍ ഇവരെ വിട്ടയച്ചുവെന്നും മീനങ്ങാടി പൊലീസ് അറിയിച്ചു.






