കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പെരുമ്പുഴ സ്വദേശി സിയാദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ പൊലീസിനെ പൂര്‍ണ്ണമായും പ്രതിക്കൂട്ടിലാക്കുന്ന ഞെട്ടിക്കുന്ന ശബ്ദരേഖ പുറത്തുവന്നു.
കസ്റ്റഡിയില്‍ ക്രൂരമര്‍ദനത്തിനിരയായി മരണപ്പെട്ട സിയാദിന്റെ മകള്‍ ആരോപണവിധേയനായ പോലീസുകാരനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
സിയാദിന് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള കാര്യം മുന്‍കൂട്ടി അറിയിച്ചിട്ടും പൊലീസ് മൃഗീയമായി മര്‍ദിക്കുകയായിരുന്നുവെന്ന് മകള്‍ സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്.
അച്ഛന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് പഴുപ്പുണ്ടായെന്നും, ആരാണ് മര്‍ദിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചോദിച്ചിരുന്നതായും മകള്‍ പറയുന്നു.
എന്നാല്‍, ഫോണ്‍ സംഭാഷണത്തില്‍ ആരോപണങ്ങളെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്ന നിലപാടാണ് പൊലീസുകാരന് സ്വീകരിച്ചത്.
പപ്പയെ മര്‍ദിച്ചത് സാറല്ലേ എന്ന് കുട്ടി ചോദിക്കുമ്പോള്‍ അതൊക്കെ നിഷേധിക്കുന്ന രീതിയിലാണ് ഉദ്യോഗസ്ഥന് സംസാരിക്കുന്നത്
ജൂണ്‍ 16-ന് രാത്രിയാണ് അയല്‍വാസിയായ 13-കാരനെ കാണാനില്ലെന്ന പരാതിയുടെ പേരില്‍ കുണ്ടറ പൊലീസ് സിയാദിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. അസുഖബാധിതനായ സിയാദ് മരുന്ന് കഴിച്ചു ഉറങ്ങാന്‍ കിടക്കുമ്പോഴായിരുന്നു പൊലീസിന്റെ ഈ നടപടി. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയിലും കസ്റ്റഡിയിലും വെച്ച് എസ് ഐ അതുല്‍, കോണ്‍സ്റ്റബിള്‍ ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചുവെന്നാണ് കുടുംബം പരാതിപ്പെടുന്നത്.
അടുത്ത ദിവസം രാവിലെ കാണാതായ കുട്ടി തിരിച്ചെത്തിയതോടെയാണ് സിയാദിനെ പൊലീസ് വിട്ടയച്ചത്. എന്നാല്‍ മര്‍ദനമേറ്റ് അവശനായ സിയാദിനെ വാരിയെല്ലുകള്‍ തകര്‍ന്ന് ഇന്‍ഫെക്ഷനായ നിലയില്‍ കൊല്ലം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജീപ്പില്‍ കയറ്റിയത് മുതല്‍ സിയാദിന് ക്രൂരമായ മര്‍ദനമാണ് നേരിടേണ്ടി വന്നതെന്ന് ഭാര്യയും സാക്ഷ്യപ്പെടുത്തുന്നു.
സിയാദിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആവശ്യപ്പെട്ടു. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുറ്റവാളികളെയും ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവും ഇതോടെ ശക്തമാകുകയാണ്.
ശബ്ദരേഖയുടെ പൂര്‍ണരൂപം
സിയാദിന്റെ മകള്‍ : ഹലോ
ഉദ്യോഗസ്ഥന്: ഹലോ
സിയാദിന്റെ മകള്‍: എസ്ഐ ശ്രീജിത്ത് സാറല്ലേ ?
ഉദ്യോഗസ്ഥന്: അതേല്ലോ
സിയാദിന്റെ മകള്‍ : ഇന്നാളൊരു ദിവസം മിസ്സിംഗ് കേസില്‍ പിടിച്ചോണ്ട് പോയില്ലേ വീട്ടീന്ന്
എസ് ഐ ശ്രീജിത്ത്: ആരെ
സിയാദിന്റെ മകള്‍: പെരുമ്പുഴേന്ന് ഒരാളെ രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ വന്നു പിടിച്ചോണ്ട് പോയില്ലേ വീട്ടീന്ന്, പാര്‍വതി എന്ന് പറഞ്ഞ ഒരുത്തിക്ക് വേണ്ടി.
സിയാദിന്റെ മകള്‍: ഓര്‍മയില്ലേ പെരുമ്പുഴ കുരിശടി അടുത്ത് രണ്ടു പിള്ളാരുടെ മിസ്സിംഗ് കേസില്‍,
എസ്ഐ ശ്രീജിത്ത്: ആ ആ
സിയാദിന്റെ മകള്‍: ഓര്‍മ്മയുണ്ടോ ?
എസ്ഐ ശ്രീജിത്ത്: ഇപ്പൊ എന്ത് പറ്റി ?
സിയാദിന്റെ മകള്‍: എന്തോ പറ്റിയെന്നോ?, അന്ന് സാറമ്മാരോട് എല്ലാവരോടും ഞാന്‍ പറഞ്ഞെ അല്ലെ എന്റെ പപ്പയ്ക്ക് വയ്യാന്ന്, ആന്നോ ?
എസ്ഐ ശ്രീജിത്ത്: ഇപ്പൊ എന്താ സംഭവം എന്താ ?
സിയാദിന്റെ മകള്‍: അന്ന് അവിടെ ഇട്ടു ഇടിച്ചെന്ന് പപ്പാ അന്നേ അവിടെ വെച്ച് പറഞ്ഞാരുന്ന്. സാറാ ഇടിച്ചതെന്നും പറഞ്ഞു. ഇപ്പൊ എന്റെ പപ്പാ പോയി...
എസ്ഐ ശ്രീജിത്ത്: ഞാനോ, എന്തോ കാര്യമാ ഈ പറയുന്നേ ?
സിയാദിന്റെ മകള്‍: തെളിവുണ്ട് സാറേ, അങ്ങനെ ആശുപത്രിയില്‍ പോയപ്പോ ആരാ ഇടിച്ചതെന്ന് ചോദിച്ച്, നട്ടെല്ല് മുഴുവന്‍ പഴുത്ത് സീരിയസായി കിടക്കുവാരുന്നു, ഇപ്പൊ പോയി സാറേ.
സിയാദിന്റെ മകള്‍ : അന്ന് സാറിന്റടുത്ത് നൂറുവട്ടം ഞാന്‍ പറഞ്ഞതാ വയ്യാത്ത ആളാ, ഇപ്പൊ പോയി, ഞങ്ങള്‍ക്കാണോ ഇപ്പൊ ഇല്ലാതെ പോയത്..
എസ്ഐ ശ്രീജിത്ത്: ഏത് കേസിത്
സിയാദിന്റെ മകള്‍: സാറിനൊന്നും ഓര്‍മ്മ കാണത്തില്ല, അന്ന് ഞാന്‍ പറഞ്ഞതാ പപ്പാ ഗുളിക കഴിച്ചിട്ട കിടന്നതെന്ന്... ഇങ്ങനെ നീളുന്ന ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇത് പോലീസിനെ പൂര്‍ണ്ണമായും പ്രതിക്കൂട്ടിലാക്കുന്നതാണ്.






