കോരുത്തോട് : വന്യമൃഗശല്യം രൂക്ഷമായ കോരുത്തോട് പഞ്ചായത്തിന്റെ വനാതിർത്തി മേഖലയായ കണ്ടങ്കയത്ത് താത്കാലിക സോളാർ ഫെൻസിംഗ് സ്ഥാപിച്ചു.
നാട്ടുകാരും, വനംവകുപ്പ് ഉദ്യോഗസ്ഥരും കൈകോർത്തത് 24 മണിക്കൂറിനകമാണ് 300 മീറ്ററോളവരുന്ന സോളാർ ഫെൻസിംഗ് പണി തീർത്തത്.
കാട്ടാന അടക്കം ജനവാസ മേഖലയിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവ് സംഭവമായിരുന്നു. സോളാർ ഫെൻസിംഗ് നേരത്തെ സ്ഥാപിച്ചിരുന്നെങ്കിലും കാലപ്പഴക്കത്താല്‍ പ്രവർത്തനരഹിതമായിരുന്നു. പ്രദേശവാസികളുടെ ദുരിതമറിഞ്ഞ് എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി. രതീഷിന്റെ നേതൃത്വത്തില്‍ ചർച്ച നടത്തി സോളാർവേലി സ്ഥാപിക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ ആരംഭിച്ചു.
മികച്ച കർഷകനുള്ള ദേശീയ അവാർഡ് നേടിയ കണ്ടങ്കയം അടുപ്പുകല്ലേല്‍ ജോർജ് മാത്യു ഫെൻസിംഗിന്റെ ഉദ്ഘാടനം നിർവഹിച്ചു.
എരുമേലി, അയ്യപ്പൻകോവില്‍, അഴുത എന്നീ മൂന്ന് ഫോറസ്റ്റ് റേഞ്ചുകളില്‍നിന്നുള്ള ഉപകരണങ്ങളും സാങ്കേതിക സജ്ജീകരണങ്ങളും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏകോപിപ്പിച്ചാണ് പ്രവർത്തനം തുടങ്ങിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലകളില്‍ സോളാർ ഫെൻസിംഗ് പുന:സ്ഥാപിക്കാനാണ് തീരുമാനം.






