കോഴിക്കോട്: ലഹരിമരുന്ന് ഇടപാട് കേസില്‍ അറസ്റ്റിലായ രണ്ടാമത്തെ അദ്ധ്യാപികയും സർവീസില്‍ നിന്ന് പുറത്ത്. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ (ബി.ആർ.സി) സ്പെഷ്യല്‍ എഡ്യൂക്കേറ്ററായി കരാറില്‍ ജോലി ചെയ്തിരുന്ന കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനി കെ.കാവ്യയാണ് സർവീസില്‍ നിന്ന് പുറത്തായത്.
ലഹരിമരുന്ന് വാങ്ങുന്നവർ പണം കൈമാറിയിരുന്നത് കാവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണെന്നാണ് പൊലീസ് കണ്ടെത്തല്‍.
മരുതോങ്കര സ്വദേശിനിയും പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യലിസ്റ്റ് കായിക അദ്ധ്യാപികയുമായ കെ.സി. കീർത്തനയെ വിദ്യാഭ്യാസ വകുപ്പ് നേരത്തെ പിരിച്ചുവിട്ടിരുന്നു.
രണ്ടാഴ്ച മുൻപ് എം.ഡി.എം.എ കേസില്‍ വടകര പൊലീസ് അറസ്റ്റ് ചെയ്ത റിസ്വാനില്‍ നിന്നാണ് ഇവരെക്കുറിച്ച് സൂചന ലഭിച്ചതും പിന്നീട് ഇരുവരും അറസ്റ്റിലാകുന്നതും.
കീർത്തനയും കാവ്യയും എപ്പോഴും ഒരുമിച്ചാണ് ഉണ്ടായിരുന്നത്. കീർത്തന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും സൂംബ ക്ലാസിലും സജീവമായിരുന്നുവെന്നും സഹപ്രവർത്തകർ പറഞ്ഞു.
ഇരുവരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാൻ പൊലീസ് കോടതിയില്‍ അപേക്ഷ നല്കി. ലഹരി വില്‍പ്പനയിലൂടെ ലഭിച്ച ലക്ഷക്കണക്കിന് രൂപ വിവിധ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.






