ഡൽഹി:ഡ്രൈവിങ് ലൈസൻസിലെ വിലാസം മാറ്റുന്നതിന് ഫീസ് ഒഴിവാക്കാനും അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കില്‍ സ്വയം അംഗീകാരം ലഭിക്കുന്ന സംവിധാനം ഏർപ്പെടുത്താനും കേന്ദ്ര സർക്കാർ നിർദേശം.
കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങള്‍, 1989 ഭേദഗതി ചെയ്യുന്നതിനായി പുറത്തിറക്കിയ കരട് നിർദേശങ്ങളിലാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലൈസൻസിലെ പേര് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ തിരുത്തുന്നതിനുള്ള നിലവിലെ 200 രൂപ ഫീസും ഒഴിവാക്കാൻ നിർദേശമുണ്ട്. (Driving licence address change)
കരട് ചട്ടപ്രകാരം, ഡ്രൈവിങ് ലൈസൻസിലെ വിവരങ്ങള്‍ മാറ്റുന്നതിനുള്ള അപേക്ഷകളില്‍ ലൈസൻസിങ് അതോറിറ്റി 15 ദിവസത്തിനകം അംഗീകരിക്കുകയോ നിരസിക്കുകയോ വേണം. അപേക്ഷ നിരസിക്കുകയാണെങ്കില്‍ അതിന്റെ കാരണം രേഖാമൂലം അപേക്ഷകനെ അറിയിക്കണം. ഇലക്ട്രോണിക് സംവിധാനത്തിലൂടെയും അറിയിപ്പ് നല്‍കാം. എന്നാല്‍, വിലാസം മാറ്റുന്നതിനുള്ള അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കില്‍ മാത്രമായിരിക്കും സ്വയം അംഗീകാരം ലഭിക്കുക. ലൈസൻസിലെ എല്ലാ വിവരങ്ങളും മാറ്റുന്നതിനുള്ള അപേക്ഷകള്‍ക്ക് ഈ വ്യവസ്ഥ ബാധകമല്ല.
പേര്, മറ്റ് വ്യക്തിഗത വിവരങ്ങള്‍, വിലാസം, മൊബൈല്‍ നമ്പർ, ഇമെയില്‍ വിലാസം എന്നിവ മാറ്റുന്നതിനുള്ള ഫീസ് ഒഴിവാക്കാനും ആധാർ അധിഷ്ഠിത ഓണ്‍ലൈൻ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കാതിരിക്കാനും നിർദേശമുണ്ട്. വാഹന രജിസ്ട്രേഷൻ രേഖകളില്‍ താമസസ്ഥലം മാറിയ വിവരം ചേർക്കുന്നതിനുള്ള ഫീസും ഒഴിവാക്കാൻ കരടില്‍ പറയുന്നു. താമസസ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ട നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) വൈകി സമർപ്പിക്കുന്നതിന് നിലവിലുള്ള അധിക ചാർജുകളും ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്. നിലവില്‍ മോട്ടോർസൈക്കിളുകള്‍ക്ക് ഓരോ മാസത്തെയും കാലതാമസത്തിന് 300 രൂപയും മറ്റ് വാഹനങ്ങള്‍ക്ക് 500 രൂപയുമാണ് അധിക ചാർജ്.
ലൈസൻസ് പുതുക്കല്‍, ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് അനുവദിക്കല്‍, പുതിയ വാഹനവിഭാഗം ചേർക്കല്‍, വ്യക്തിഗത വിവരങ്ങള്‍ തിരുത്തല്‍ തുടങ്ങിയ സേവനങ്ങള്‍ക്കായി പുതിയ ഫോം 2A അവതരിപ്പിക്കാനും നിർദേശമുണ്ട്. അപേക്ഷകള്‍ ഓണ്‍ലൈൻ പോർട്ടല്‍ വഴി സമർപ്പിക്കാം. സാരഥി പോർട്ടലില്‍ ലഭ്യമായ വിവരങ്ങള്‍ സ്വയം ഉള്‍പ്പെടുത്തുന്നതിലൂടെ ആവർത്തിച്ച് വിവരങ്ങള്‍ നല്കേണ്ടിവരുന്ന സാഹചര്യം കുറയ്ക്കാനും ലക്ഷ്യമിടുന്നു.
അതേസമയം, നിർദേശങ്ങള്‍ നിലവില്‍ കരട് ഘട്ടത്തിലാണ്. ഗസറ്റ് വിജ്ഞാപനത്തിന്റെ പകർപ്പുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന തീയതി മുതല്‍ 30 ദിവസത്തിനകം നിർദേശങ്ങളും എതിർപ്പുകളും അറിയിക്കാൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അവസരം നല്‍കിയിട്ടുണ്ട്. ലഭിക്കുന്ന പ്രതികരണങ്ങള്‍ പരിഗണിച്ച ശേഷമായിരിക്കും ഭേദഗതികള്‍ അന്തിമമാക്കുക. അതിനാല്‍, പുതിയ വ്യവസ്ഥകള്‍ നിലവില്‍ വന്നതായി കണക്കാക്കാനാവില്ല.






