കോട്ടയം: കുട്ടികളിലെ ഡിജിറ്റൽ ആസക്തി നിയന്ത്രിക്കുന്നതിനും സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഇന്റർനെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള പോലീസ് നടപ്പാക്കുന്ന ഡി-ഡാഡ് (Digital De-Addiction Center) പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ പുതിയ ഡി-ഡാഡ് സെന്റർ പ്രവർത്തനം ആരംഭിച്ചു.
കോട്ടയം ജില്ലയിൽ 2026 ജനുവരി 31-ന് ഡി-ഡാഡ് സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചതിനു പിന്നാലെയാണ് പദ്ധതിയുടെ സേവനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ശാഖ ആരംഭിച്ചത്. ഇന്ന് (2026 ഒക്ടോബർ 3-ന്) വൈകിട്ട് 4 മണിക്ക് കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ. എം. ഐപിഎസ് പുതിയ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു.
കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിന് സമീപം വനിതാ പോലീസ് സ്റ്റേഷനോട് ചേർന്നുള്ള കെട്ടിടത്തിലാണ് പുതിയ ഡി-ഡാഡ് സെന്റർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ചടങ്ങിൽ ASP & ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ ശ്രീ. സജീവ് കെ.,സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പ്രമോദ് സി ആർ , DCRB ഡിവൈഎസ്പി ബിജു വി. എസ് , ജനമൈത്രി അസിസ്റ്റൻറ് ജില്ലാ നോഡൽ ഓഫീസർ യാസ്മിർ എം. ബി , SPC അസിസ്റ്റൻറ് ജില്ലാ നോഡൽ ഓഫീസർ രാജേഷ് എന്നിവർ പങ്കെടുത്തു.
കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം, ഓൺലൈൻ ഗെയിമിംഗ് ആസക്തി, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം, അനുചിതമായ ഓൺലൈൻ ഉള്ളടക്കങ്ങളിലേക്കുള്ള പ്രവേശനം തുടങ്ങിയ ഡിജിറ്റൽ ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസിലിംഗും മാർഗനിർദേശവും നൽകുകയാണ് ഡി-ഡാഡ് സെന്ററിന്റെ പ്രധാന ലക്ഷ്യം.
18 വയസ്സിന് താഴെയുള്ള കുട്ടികളിൽ ഡിജിറ്റൽ ആസക്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുകയോ കൗൺസിലിംഗ് ആവശ്യമുണ്ടാകുകയോ ചെയ്യുന്ന പക്ഷം 9497911222 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഡി-ഡാഡ് സെന്റർ മുഖേന ലഭ്യമാക്കുന്ന കൗൺസിലിംഗ് ഉൾപ്പെടെയുള്ള സേവനങ്ങൾ സൗജന്യമാണ്.






