ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധ സമരങ്ങള്‍ സംഘർഷഭരിതമാകുന്നു.
പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും തെരുവിലിറങ്ങിയതോടെ ഡൽഹിയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഇരമ്പുകയാണ്. പിണറായി വിജയനടക്കം 3 മുൻ മുഖ്യമന്ത്രിമാരും സി ജെ പി സ്ഥാപകൻ അഭിജിത് ദീപ്കെയുമടക്കമുള്ളവർ കസ്റ്റഡിയിലായെങ്കിലും പ്രവർത്തകർ ഒന്നാകെ തെരുവുകളിലേക്ക് ഒഴുകിയെത്തുകയാണ്.
ഇതുവരെ മൂവായിരത്തിലേറെ പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സി ജെ പി ജന്തർ മന്തറില്‍ പ്രഖ്യാപിച്ച പ്രതിഷേധം ആരംഭിക്കുന്നതിന് മുൻപ് തന്നെ അരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് പോലീസ് കൂട്ടക്കസ്റ്റഡി ആരംഭിക്കുകയായിരുന്നു.
മുംബൈയില്‍ നിന്ന് വിമാനമാർഗ്ഗം ഡല്‍ഹിയിലെത്തിയ സി.ജെ.പി കണ്‍വീനർ അഭിജീത് ദീപ്കെ, സഹപ്രവർത്തകരായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ പോലീസ് വിമാനത്തിനുള്ളില്‍ കയറി നാടകീയമായി കസ്റ്റഡിയിലെടുത്തു.
കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ നടപടിയെയും മോദിയുടെ ഭയത്തെയുമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കസ്റ്റഡിയിലാകുന്നതിന് മുൻപ് ദീപ്കെ പ്രതികരിച്ചു.
യൂട്യൂബർ ധ്രുവ് റാഠിയെ പുലർച്ചെ ഏഴരയോടെ ഗുരുഗ്രാമിലെ വസതിയില്‍ നിന്നെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. ഐസ നേതാവ് നേഹ ബോറ ഉള്‍പ്പെടെയുള്ള വിദ്യാർത്ഥി നേതാക്കളെയും ചില മാധ്യമപ്രവർത്തകരെയും പോലീസ് വലിച്ചിഴച്ചാണ് വാഹനങ്ങളില്‍ കയറ്റിയത്.






