തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിലൂടെ മിച്ചംപിടിച്ച തുകകൊണ്ട് തോട്ടം തൊഴിലാളികളുടെ മക്കള്‍ക്ക് അന്നം ഊട്ടിയ അധ്യാപികമാർക്ക് ഗതാഗത മന്ത്രി സി.പി ജോണിന്റെ ആദരം.
പൊൻമുടി ഗവ. യു.പി സ്കൂളിലെ അധ്യാപികമാരായ നിമിഷ, ജയശ്രീ ദേവൻ, ശാലു പൗലോസ് എന്നീ അധ്യാപകരെയും സ്കൂള്‍ കുട്ടികളെയും ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചുവരുത്തിയാണ് ആദരവ് നല്‍കിയത്.
അധ്യാപകർക്കും സ്കൂളിലെ കുട്ടികള്‍ക്കുമായി മന്ത്രി വസതിയില്‍ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.
മലപ്പുറം മഞ്ചേരി സ്വദേശിനിയായ പി. നിമിഷ, പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ ജയശ്രീ ദേവൻ, വയനാട് സുല്‍ത്താൻ ബത്തേരി സ്വദേശിനിയായ ശാലു പൗലോസ് എന്നീ അധ്യാപികമാരാണ് സ്കൂളില്‍ പഠിക്കുന്ന തോട്ടം തൊഴിലാളികളുടെ മക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത്.
പൊന്മുടിയില് നിന്നും 26 കിലോമീറ്റർ അകലെ വിതുരയില്‍ വാടകയ്ക്ക് താമസിക്കുന്നവരാണ് ഈ അധ്യാപികമാർ. ദിവസേനയുള്ള ദീർഘദൂര യാത്രയ്ക്ക് പ്രിയദർശിനി സൗജന്യ യാത്രാപദ്ധതിയെയാണ് ഇവർ ആശ്രയിക്കുന്നത്.
ഇതിലൂടെ ലാഭിക്കാൻ കഴിയുന്ന തുക കുട്ടികളുടെ അന്നത്തിനായി മാറ്റിവെയ്ക്കുകയാണിവർ. തോട്ടം മേഖലയിലെ പാവപ്പെട്ട വിദ്യാർത്ഥികള്‍ക്ക് മാത്രമല്ല, കുട്ടികളുടെ കുടുംബത്തിലുള്ള മറ്റുള്ളവർക്കും ഇവർ ഭക്ഷണം നല്‍കുന്നുണ്ട്.






