കോഴിക്കോട്: മൂട്ടോളിയിൽ വാട്ടർ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ചു. പാലത്ത് സ്വദേശി സിറാജ് (40) ആണ് മരിച്ചത്. സംഭവത്തിൽ സുനിൽ എന്ന തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു.
ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂട്ടോളി–കുരുവട്ടൂർ റോഡിലുള്ള സലാഹ് പ്ലാസ കെട്ടിടത്തിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ടാങ്കിനുള്ളിലേക്ക് ഇറങ്ങിയ ഇരുവരും വിഷവാതകം ശ്വസിച്ച് തളർന്നു വീഴുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ വെള്ളിമാടുകുന്ന് ഫയർ ആൻഡ് റെസ്ക്യൂ സംഘം ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. എന്നാൽ സിറാജിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ സുനിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.






