ബെംഗളൂരു: അഴിമതിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്ഗമായി, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെടുന്നത് വാട്സാപ്പിലൂടെ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് അനുമതി നല്കി തമിഴ്നാട് സര്‍ക്കാര്‍.
9498180936 എന്ന നമ്പറിലേക്ക് വാട്സാപ്പ് സന്ദേശം അയച്ച് ഇനിമുതല്‍ കൈക്കൂലി ആവശ്യങ്ങള്‍ക്കെതിരെ പരാതിപ്പെടാം. ഇതിന് പുറമെ ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ dvac@nic.in എന്ന ഇമെയില്‍ വഴിയോ, 044-22321090, 22321085, 22310989, 22342142 എന്നീ നമ്പറുകളിലേക്ക് വിളിച്ചോ പരാതി നല്‍കാവുന്നതാണ്.
പൊതുജനങ്ങള്‍ക്ക് അഴിമതി എളുപ്പത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നതിനായി, തമിഴ്നാട് സര്‍ക്കാരിന്റെ എല്ലാ ഔദ്യോഗിക വകുപ്പുകളുടെ വെബ്സൈറ്റുകളിലും ഈ വാട്സാപ്പ് നമ്പറും ഡി.വി.എ.സി പോര്‍ട്ടലിലേക്കുള്ള ലിങ്കും പ്രദര്‍ശിപ്പിക്കും.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും 'കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ്' എന്ന സന്ദേശം അടങ്ങിയ നോട്ടീസ് ബോര്‍ഡുകള്‍ തമിഴിലും ഇംഗ്ലീഷിലും വ്യക്തമായി കാണത്തക്ക രീതിയില്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ച് തമിഴ്നാട് ചീഫ് സെക്രട്ടറി എം. സായ് കുമാര്‍ ചൊവ്വാഴ്ച എല്ലാ വകുപ്പ് മേധാവികള്‍ക്കും കളക്ടര്‍മാര്‍ക്കും സര്‍ക്കുലര്‍ അയച്ചു.
എല്ലാ ഓഫീസുകളിലും നോട്ടീസ് ബോര്‍ഡുകള്‍ കൃത്യമായി സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ പ്രത്യേക ഇന്സ്പെക്ഷന് വിംഗുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന് സമര്‍പ്പിക്കണം.
മുന്‍പ് പലതവണ ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും പല ഓഫീസുകളും ഇത് പാലിച്ചിരുന്നില്ല. ചില ഓഫീസുകളില്‍ ബോര്‍ഡുകള്‍ പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത വിധത്തിലാണ് സ്ഥാപിച്ചിരുന്നതെന്നും ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ശന നടപടികളുമായി പുതിയ സര്‍ക്കുലര്‍ ഇറക്കിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ചെന്നൈ ആലന്തൂര്‍ എം.കെ.എന്‍ റോഡിലുള്ള ഡി.വി.എ.സി ഓഫീസിലേക്ക് നേരിട്ടും പരാതികള്‍ അയക്കാവുന്നതാണ്.






