തൃപ്പൂണിത്തുറ : ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിൻ തട്ടി 58കാരി മരിച്ചു. റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെയാണ് ദാരുണമായ അപകടം ഉണ്ടായത്. ആലപ്പുഴ കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് അരുണോദയത്തിൽ എസ് അശോകന്റെ ഭാര്യ സരള (58) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. എതിർ വശത്തേക്ക് പോകുന്നതിനായി റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നെന്ന് ഹിൽപാലസ് പൊലീസ് അറിയിച്ചു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സരളയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരാണ് സരളയും ഭർത്താവ് അശോകനും. ഡ്യൂട്ടി കഴിഞ്ഞ് തൃപ്പൂണിത്തുറ സ്റ്റേഷനിലെത്തി ട്രെയിനിൽ വീട്ടിലേക്ക് പോകുന്നതിനായി പ്ലാറ്റ്ഫോമിലേക്ക് കടക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.






