പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നഗരത്തിൽ
നടപ്പാക്കിയ ട്രാഫിക് പരിഷ്ക്കാരം ഫലം കാണുന്ന ലക്ഷണമില്ല.
പരിഷ്ക്കരണ നടപടികളുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ തുടങ്ങിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിലും ഗതാഗതക്കുരുക്കിനും ടൗണിലെ തിരക്കിനും യാതൊരു മാറ്റവുമില്ല.
നിലവിൽ ബസ് സ്റ്റോപ്പുകളുടെ ക്രമീകരണം, വഴിയോര പാർക്കിംഗ് നിയന്ത്രണം, വഴിയോരക്കച്ചവട നിയന്ത്രണം എന്നിവയാണ് നടപ്പായത്.
ആവശ്യമായ ബോർഡുകൾ പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിൽ സ്ഥാപിച്ചു.
വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കുന്നതിനൊപ്പം തന്നെ നടപ്പാത കയ്യേറുന്ന കച്ചവടക്കാരെയും നിയന്ത്രിക്കണം.
കടയിൽ നിന്ന് കച്ചവട സാധനങ്ങൾ നടപ്പാതയിൽ നിരത്തിവച്ച് കാൽനടയാത്രക്കാരുടെ വഴിമുടക്കുന്ന കച്ചവടക്കാരുണ്ട്.
ഗതാഗതതടസം ഒഴിവാക്കാൻ ദേശീയപാതാ വിഭാഗത്തിന്റെ ഇടപെടൽ ആവശ്യമാണ്.






