കൊല്ലം: ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസ് ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പൊലീസിന്റെ ക്രൂരമായ മർദ്ദനം കാരണമെന്ന പരാതി കൊല്ലം ജില്ലാ റൂറല്‍ പോലീസ് മേധാവി അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഓഗസ്റ്റ് അഞ്ചിന് കമ്മീഷന്റെ തിരുവനന്തപുരം പിഎംജി ജംഗ്ഷനിലുള്ള ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്വേഷണ റിപ്പോർട്ടുമായി നേരിട്ട് ഹാജരാകണമെന്ന് കമ്മീഷൻ അംഗം വി ഗീത ഉത്തരവില്‍ പറഞ്ഞു.
പെരുമ്പുഴ കുളത്തിൻകര കടയില്‍ വീട്ടില്‍ സിയാദ് (36) ആണ് കഴിഞ്ഞ 24 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. സിയാദിനെ പൊലീസ് മർദ്ദിച്ചതായി ആരോപിക്കുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. കുണ്ടറ-കൊല്ലം റൂട്ടിലെ ബസ് ഡ്രൈവറായിരുന്ന സിയാദിനെ അയല്‍വാസികളായ രണ്ട് കുട്ടികളെ കാണാത്തതുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുത്തതെന്ന് ആരോപണമുണ്ട്.
സിയാദിന്റെ അയല്‍വാസികളായ രണ്ട് ഏഴാം ക്ലാസ് വിദ്യാർത്ഥികളെ ജൂണ്‍ 16ന് കാണാതായിരുന്നു. പോലീസ് അന്വേഷിക്കാൻ എത്തിയപ്പോള്‍ സിയാദിനെതിരെ ഒരു കുട്ടിയുടെ സഹോദരി മൊഴി നല്‍കിയതിനെ തുടർന്നാണ് അർദ്ധരാത്രി സിയാദിനെ പോലീസ് വീട്ടിലെത്തി കസ്റ്റഡിയില്‍ എടുത്തത്.
അടുത്തദിവസം കുട്ടികളെ കണ്ടെത്തിയതോടെ സിയാദിനെ വിട്ടയക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടർന്ന് ഈ മാസം രണ്ടിന് സിയാദ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി സ്ഥിതി വഷളായതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോയി. കസ്റ്റഡിയില്‍ എടുക്കാൻ എത്തിയ എസ് ഐ സമ്പത്ത് സി പി ഒ എസ് ശ്രീജിത്ത് എന്നിവർ ജീപ്പില്‍ വച്ചു മർദിച്ചു എന്നായിരുന്നു ശബ്ദ സന്ദേശം. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിചിട്ടുണ്ട്.






