ബംഗളൂരു: കർണാടകയിലെ ബാഗല്‍കോട്ടില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത. പരപുരുഷ ബന്ധം ആരോപിച്ച് 23 കാരിയായ ഭാര്യയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി.
യുവതി മരണവുമായി മല്ലിടുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തി ഭാര്യയുടെ മാതാപിതാക്കളെ വീഡിയോ കോള്‍ ചെയ്ത് തത്സമയം കാണിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിയായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാഗ്യശ്രീ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് പ്രവീണ്‍ ജിഗലൂരുവാണ് അറസ്റ്റിലായത്.
കുടുംബവഴക്കിനെ തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി ഭാഗ്യശ്രീ സ്വന്തം വീട്ടിലായിരുന്നു താമസം. ഇനി പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്കി കഴിഞ്ഞ ഞായറാഴ്ചയാണ് പ്രവീണ്‍ ഭാഗ്യശ്രീയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. എന്നാല്‍, വീട്ടിലെത്തിയ അന്ന് വൈകുന്നേരം തന്നെ പ്രവീണ്‍ ഭാഗ്യശ്രീയെ മരത്തടി കൊണ്ട് ക്രൂരമായി മർദ്ദിക്കുകയും, മുറിയിലെ ഫാനില്‍ കെട്ടിത്തൂക്കുകയുമായിരുന്നു. യുവതി ശ്വാസം കിട്ടാതെ പിടയുമ്പോള്‍ ആ ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തി.
ഭാഗ്യശ്രീയുടെ മാതാപിതാക്കളെ വീഡിയോ കോള്‍ ചെയ്ത് മകള്‍ മരണത്തോട് മല്ലടിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ച് കൊടുത്തു പ്രവീണ്‍. ഈ ദൃശ്യങ്ങള്‍ പിന്നീട് ഇയാള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുനല്‍കുകയും ചെയ്തു.
മുറിയിലെ ചുമരില്‍ ഇവരുടെ വിവാഹസമയത്ത് എഴുതിയ പേരുകള്‍ക്ക് മുന്നില്‍ വെച്ചാണ് ഈ ക്രൂരത മുഴുവൻ നടന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബിലഗി പൊലീസ് പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.






