ആലപ്പുഴ: കരുവാറ്റയില്‍ വയോധികന് കൊല്ലപ്പെട്ട കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മോഷണമാണ് കൊലപാതകത്തിന്റെ ലക്ഷ്യമെന്നാണ് നിഗമനം. അലമാരയില്‍ നിന്ന് 4.5 പവന് സ്വര്‍ണ്ണവും 4800 രൂപയുമാണ് കിട്ടിയതെന്ന് പിടിയിലായ കുട്ടികള്‍ മൊഴി നല്കി. പ്രതീക്ഷിച്ച പണം കിട്ടിയില്ലെന്നും കുട്ടികള്‍ പൊലീസിനു നല്കിയ മൊഴിയില്‍ പറയുന്നതായാണ് വിവരം. പണത്തിനൊപ്പം വീട്ടില്‍ നിന്ന് പെര്‍ഫ്യൂം ബോട്ടിലും എടുത്തതായി കുട്ടികള്‍ പൊലീസിനോട് പറഞ്ഞു.
കൊല്ലപ്പെട്ട വയോധികന്റെ കൊച്ചുമകളാണ് കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത്. കൊലപാതകം നടത്തിയത് കുട്ടിയുടെ കൂട്ടുകാരാണ്. കൊച്ചുമകളുടെ കൂട്ടുകാരന് തുക വീതം വച്ചു. രണ്ടു പേര്‍ക്ക് 800 രൂപ വീതം നല്കി. ബാക്കി തുക ഇയാള്‍ കൈവശം വച്ചു. കഴിഞ്ഞ മാസം 15 നാണ് വയോധികന് കൊല്ലപ്പെട്ടത്. പിടികൂടിയ കുട്ടികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്താന്‍ പൊലീസിന് കസ്റ്റഡിയില്‍ ലഭിച്ചിട്ടില്ല. കസ്റ്റഡിക്കായി ശനിയാഴ്ച വീണ്ടും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് അപേക്ഷ നല്‍കും.






