കോട്ടയം: കൂറുമാറ്റക്കേസില് എരുമേലി പഞ്ചായത്ത് മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.
ഇന്ന് മുതല് ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പില് മത്സരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് കമ്മീഷന്റെ വിധി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില് നടന്ന സിറ്റിങ്ങില് സേഷാദ്രി നാഥാണ് വിധി പ്രഖ്യാപിച്ചത്.
സുബി സണ്ണി പഞ്ചായത്ത് അംഗമായും പ്രസിഡന്റായും പ്രവർത്തിച്ച കാലയളവില് കൈപ്പറ്റിയ ഹോണറേറിയം, സിറ്റിങ് ഫീസ്, യാത്രാബത്ത എന്നിവ തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാർ അറിയിച്ചു. എരുമേലി പഞ്ചായത്ത് അംഗം ബിനോയ് ഇലവുങ്കലും തിരഞ്ഞെടുപ്പ് കമ്മീഷനില് ഹർജി നല്കിയ മുൻ അംഗം മാത്യു ജോസഫുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.






