ന്യൂഡൽഹി: രാംലീല മൈതാനത്തെ ദില്ലി ചലോ പ്രക്ഷോഭത്തിൽ കർണാടകയിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകർ വ്യത്യസ്തമായ സമരരീതിയുമായി രംഗത്തെത്തി.
ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു കിലോമീറ്ററിലധികം നീളമുള്ള കൂറ്റൻ ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം.
മിന്റോ റോഡിലൂടെ കടന്നുപോയ ഈ മാർച്ച് പ്രക്ഷോഭത്തിലെ ഏറ്റവും ശ്രദ്ധേയമായ കാഴ്ചയായി മാറി.
വെട്ടിമാറ്റപ്പെട്ട വോട്ടുകൾ എവിടെ? എന്ന ചോദ്യമുയർത്തി എത്തിയ പ്രതിഷേധക്കാർ, ദളിത്, ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകളാണ് വലിയ തോതിൽ പട്ടികയിൽനിന്ന് നീക്കം ചെയ്തിരിക്കുന്നതെന്ന് ആരോപിച്ചു.
കർണാടകയിൽ മാത്രം തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു കോടിയിലധികം വോട്ടുകൾ ഒഴിവാക്കിയിട്ടുണ്ടെന്നും, കാരണം വ്യക്തമാക്കാതെയാണ് ഈ നടപടിയെന്നും സമരക്കാർ വ്യക്തമാക്കി.






