കൊല്ലം: ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്.
കുട്ടി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സ്കൂള്‍ അധികൃതർക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തുവന്നിരുന്നു. സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന്റെ പേരില്‍ മറ്റു വിദ്യാർഥികളുടെ മുന്നില്‍വെച്ച് അധ്യാപകരും പ്രിൻസിപ്പലും കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. തുടർന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ ഓഫീസില്‍ വിളിച്ചുവരുത്തിയതും മരണത്തിന് കാരണമായെന്ന് വീട്ടുകാർ ആരോപിക്കുന്നു.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, ശൂരനാട് എസ് എച്ച് ഒ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, സ്കൂള്‍ പ്രിൻസിപ്പല്‍ എന്നിവരോട് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.






