ഡല്ഹി: ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശം കുട്ടികളുടെയും മൗലികാവകാശമാണെന്ന് സുപ്രീം കോടതി.
പ്രായത്തിന്റെ അടിസ്ഥാനത്തില് ഇന്റർനെറ്റ് ഉപയോഗത്തിന് വിലക്കേർപ്പെടുത്താനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ 19(1)(a) അനുച്ഛേദത്തോടൊപ്പം 21-ാം അനുച്ഛേദവും ചേർത്തു വായിക്കുമ്പോള് ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശം ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്ന് കോടതി വ്യക്തമാക്കി.
'പ്രായഭേദമന്യേ നമ്മുടെ കുട്ടികള്ക്കും ഇതേ അവകാശങ്ങളുണ്ട്. ഈ അവകാശങ്ങള് പൂർണമായും നിഷേധിക്കുക എന്നത് ഒരു നിശ്ചിത പ്രായത്തിന് താഴെയുള്ള കുട്ടികള്ക്ക് സംരക്ഷിക്കപ്പെടേണ്ടതായ മനഃസാക്ഷിയോ, പ്രകടിപ്പിക്കപ്പെടേണ്ടതായ അഭിപ്രായ സ്വാതന്ത്ര്യമോ ഇല്ലെന്ന് പറയുന്നതുപോലെ അസംബന്ധമായ കാര്യമാണ്.
കുട്ടികളുടെ സുരക്ഷയും സ്വാതന്ത്ര്യവും പരസ്പരം വിരുദ്ധമല്ല. കുട്ടികള്ക്ക് രണ്ടിനും അർഹതയുണ്ട്'- കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
'ജസ്റ്റ് റൈറ്റ്സ് ഫോർ ചില്ഡ്രൻ അലയൻസ്' എന്ന ശിശു അവകാശങ്ങള്ക്കായി പ്രവർത്തിക്കുന്ന എൻജിഒയും മറ്റൊരു ഹർജിക്കാരനും സമർപ്പിച്ച ഹർജികള് പരിഗണിക്കുകയായിരുന്നു കോടതി.






