ഡല്ഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയെ ഉപാധികളോടെ വിട്ടയക്കാൻ ഡല്ഹി കോടതി ഉത്തരവിട്ടു.
എസ്ഐആറുമായി ബന്ധപ്പെട്ട് ക്രമക്കേടുകള് നടന്നുവെന്ന് ആരോപിച്ച് നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ഡല്ഹിയിലെ കൊണാട്ട് പ്ലേസില് തിരംഗ മാർച്ച് നടത്താൻ പോകുന്നതിനിടെ ഇന്നലെയാണ് ദിപ്കെയെ കസ്റ്റഡിയില് എടുത്തത്.
സിജെപിയുടെ നേതൃത്വത്തില് നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് തിരംഗ മാർച്ച് പ്രഖ്യാപിച്ചിരുന്നത്. ദേശീയപതാകയുമായി മാർച്ച് നടത്തുന്നതിനായി കൊണാട്ട് പ്ലേസിലേക്ക് പോകാനിരിക്കെയാണ് ദിപ്കെയെ കസ്റ്റഡിയിലെടുത്തത്.
കെസിഎം സ്പെഷ്യല് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് കരുതല് തടങ്കലിലായിരുന്ന ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അടുത്ത ഒരു വർഷക്കാലത്തേക്ക് സമാധാന അന്തരീക്ഷം നിലനിർത്താൻ സഹകരിക്കുക, അക്രമസംഭവങ്ങളില് ഏർപ്പെടാതിരിക്കുക, അനധികൃത സംഘംചേരല് നടത്താതിരിക്കുക തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഇന്നലെ കസ്റ്റഡിയില് എടുത്ത ശേഷം അദ്ദേഹത്തെ എവിടേക്കാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസിനെതിരെ സിജെപി ആരോപണങ്ങള് ഉന്നയിച്ചിരുന്നു. പിന്നാലെയാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.






