ചേർത്തല : ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന ജെസിബിയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി അപകടം. ബസിലുണ്ടായിരുന്ന 19 പേർക്ക് പരിക്കേറ്റു. ചേർത്തല ദേശീയപാതയിൽ ഇന്നലെ രാത്രി 11:15 ഓടെയായിരുന്നു അപകടം.
നിയന്ത്രണം വിട്ട കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ജെസിബിയിലേക്ക് ശക്തമായി ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെല്ലാം ബസിലെ യാത്രക്കാരാണ്. അപകടം നടന്നയുടൻ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രാത്രികാലങ്ങളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനത്തിനായി എത്തിച്ച ജെസിബിയിലാണ് ബസിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നു.






