കൊച്ചി: ചേരാനല്ലൂർ വാഹന അപകട കേസിലെ പ്രതിയായ 17 കാരന്റെ വ്യക്തി വിവരങ്ങള്‍ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് എറണാകുളം സൈബർ പോലീസ്.
സോഷ്യല്‍ മീഡിയയിലെ 17 യൂസർ ഐഡികള്‍ക്ക് എതിരെയാണ് കേസ്. കോടതി നിർദേശത്തെ തുടർന്നാണ് പോലീസ് കേസെടുത്തത്.
കൂടാതെ, 17 കാരന്റെ പിതാവിന്റെ മുൻകൂർ ജാമ്യപേക്ഷയെ എതിർത്ത് പോലീസ് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പ്രതി ഉന്നത സ്വാധീനമുള്ളയാളാണെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ട്, നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്, മുൻകൂർ ജാമ്യം നല്‍കരുത് എന്നും പോലീസ് പ്രോസിക്യൂട്ടർക്ക് നല്കിയ റിപ്പോർട്ടില്‍ പറയുന്നുണ്ട്.
നിലവില്‍ സെഷൻസ് ജഡ്ജി കോടതിയില്‍ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈ മാസം അഞ്ചാം തീയതിയിലേക്ക് മാറ്റി. നേരത്തെ ജഡ്ജിയെ അറസ്റ്റ് ചെയുന്നത് കോടതി വിലക്കിയിരുന്നു. ജഡ്ജി തെളിവ് നശിപ്പിച്ചു എന്ന ജലപാലകൃഷ്ണന്റെ കുടുംബത്തിന്റെ ആരോപണത്തില്‍ ക്രൈം ബ്രാഞ്ച് ഉടൻ മൊഴി എടുക്കും.
പ്രതിയായ പതിനേഴുകാരൻ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ മകനാണ്. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നല്‍കിയതിന് ആർ.സി ഉടമയായ ജഡ്ജിക്കെതിരെയും മോട്ടോർ വാഹന നിയമപ്രകാരം (Section 199A) പോലീസ് കേസെടുത്തിട്ടുണ്ട്. മകന് ഡ്രൈവിംഗ് അറിയാമെന്നത് തനിക്ക് അറിയില്ലായിരുന്നുവെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് അഡീഷണല്‍ ജഡ്ജി. 17കാരൻ മുമ്പ് ഡ്രൈവ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
അപകടസമയത്ത് പ്രതിയായ കൗമാരക്കാരൻ ഓടിച്ചിരുന്ന ആഢംബര കാർ മണിക്കൂറില്‍ 104 കിലോമീറ്ററിലധികം വേഗതയിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ പ്രതിയുടെ ഫോണില്‍ തന്നെയുണ്ടെന്നാണ് സൂചന. ഇതിനു മുൻപും ഇയാള്‍ 208 കിലോമീറ്റർ വേഗതയില്‍ വണ്ടിയോടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ടെന്ന് മരണപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചിരുന്നു.






