കൊച്ചി: ചേരാനല്ലൂർ കണ്ടെയ്നർ റോഡിലുണ്ടായ വാഹനാപകടത്തില്‍ പ്രതിയായ 17കാരന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ തിരിച്ചെടുക്കാൻ അന്വേഷണ സംഘം.
ഇൻസ്റ്റഗ്രാം ഉള്‍പ്പടെ ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഫോണിലെ ഡാറ്റാ വീണ്ടെടുക്കാൻ വിദഗ്ധ പരിശോധനയ്ക്ക് അയക്കും.
പ്രതിയായ പതിനേഴുകാരൻ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ മകനാണ്. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നല്‍കിയതിന് ആർ.സി ഉടമയായ ജഡ്ജിക്കെതിരെയും മോട്ടോർ വാഹന നിയമപ്രകാരം (Section 199A) പോലീസ് കേസെടുത്തിട്ടുണ്ട്.
മകന് ഡ്രൈവിംഗ് അറിയാമെന്നത് തനിക്ക് അറിയില്ലായിരുന്നുവെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് അഡീഷണല്‍ ജഡ്ജി. ഇന്നലത്തെ ചോദ്യം ചെയ്യലിലും ഈ മൊഴിയില്‍ ജഡ്ജി ഉറച്ചുനിന്നു.
17കാരൻ മുമ്പ് ഡ്രൈവ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളെടുത്ത് ഈ വാദം പൊളിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
അപകടസമയത്ത് പ്രതിയായ കൗമാരക്കാരൻ ഓടിച്ചിരുന്ന ആഢംബര കാർ മണിക്കൂറില്‍ 104 കിലോമീറ്ററിലധികം വേഗതയിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ പ്രതിയുടെ ഫോണില്‍ തന്നെയുണ്ടെന്നാണ് സൂചന.
ഇതിനു മുൻപും ഇയാള്‍ 208 കിലോമീറ്റർ വേഗതയില്‍ വണ്ടിയോടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ടെന്ന് മരണപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചിരുന്നു. ഈ വിവരങ്ങളും ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധിക്കും.






