മൂന്നാര്‍: അരിക്കൊമ്പന് ദൗത്യത്തിന് പിന്നാലെ ചിന്നക്കനാല്‍ സൂര്യനെല്ലി മേഖലയില്‍ വീണ്ടും ആനദൗത്യത്തിന് വനംവകുപ്പ് ഒരുങ്ങുന്നു.
മേഖലയില്‍ ജനങ്ങള്‍ക്കു ഭീഷണിയായി തുടരുന്ന ചക്കക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം.
എന്നാല്‍ അരിക്കൊമ്പനെപ്പോലെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയല്ല ലക്ഷ്യം. മയക്കുവെടിവച്ച് പിടികൂടിയ ശേഷം റേഡിയോ കോളര്‍ ഘടിപ്പിച്ച് ചിന്നക്കനാലിലെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ തന്നെ തുറന്നുവിടാനാണ് ആലോചന.
ഉപഗ്രഹസഹായത്തോടെ ആനയുടെ നീക്കങ്ങള്‍ 24 മണിക്കൂറും നിരീക്ഷിക്കാനും ഇതിലൂടെ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനുമാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) ഡി.കെ. വിനോദ് കുമാര്‍ പറഞ്ഞു.
ആനയെ നിരീക്ഷിച്ച് മയക്കുവെടിവയ്ക്കാന്‍ അനുയോജ്യമായ സ്ഥലത്തെത്തിച്ചശേഷം അടുത്ത ആഴ്ച ദൗത്യം നടത്താനാകുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ.
ദേവികുളം റേഞ്ചിലെ ചിന്നക്കനാല്‍, ബോഡിമെട്ട് മേഖലകളില്‍ ചക്കക്കൊമ്പനെക്കൂടാതെ 17 കാട്ടാനകള്‍ കൂടിയുണ്ട്.
ഇവയ്ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ ആവശ്യമായ വനമേഖലയുടെ കുറവാണ് പ്രദേശത്തെ പ്രധാന പ്രതിസന്ധി. 2023 ജനുവരി 25ന് ദ്രുതകര്‍മസേനാ വാച്ചര്‍ ശക്തിയെ കൊലപ്പെടുത്തിയതും 2026 സെപ്റ്റംബര്‍ 23ന് പന്തളിക്കളത്ത് വിജയന് എന്നയാളുടെ മരണത്തിനിടയാക്കിയതും ചക്കക്കൊമ്പനാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. മറ്റ് നിരവധി ആക്രമണങ്ങളിലും ആനയുടെ സാന്നിധ്യം സംശയിക്കപ്പെട്ടിട്ടുണ്ട്.
ദൗത്യം നടക്കുന്ന ദിവസം ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് ദേവികുളം സബ് കലക്ടര്‍ വി.എം ആര്യക്ക് കത്ത് നല്‍കിയിട്ടുണ്ട്.






