പത്തനംതിട്ട: ശബരിമലയില്‍ അന്യസംസ്ഥാന ട്രാവല്‍ ഏജന്‍സികള്‍ കൂട്ടത്തോടെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് നടത്തുന്നതായി പൊലീസിന്റെ വിലയിരുത്തല്‍.
തിരിച്ചറിയല്‍ രേഖകള്‍ വാങ്ങി ട്രാവല്‍ ഏജന്‍സികള്‍ സ്ലോട്ട് കൂട്ടത്തോടെ ബുക്ക് ചെയ്യുകയാണ്. വെര്‍ച്വല്‍ ക്യൂ കൂപ്പണ്‍ പ്രിന്റ് എടുത്ത് തീര്‍ത്ഥാടകര്‍ക്ക് വില്‍ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തില്‍ മാസ് ബുക്കിംഗ് നിര്‍ത്തലാക്കി ബുക്കിംഗ് രീതി പരിഷ്കരിക്കാന്‍ പൊലീസ്, ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കും.
ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ കൂട്ടമായി ബുക്കുചെയ്യുന്നവരെ കണ്ടെത്താന്‍ ദേവസ്വം ബോര്‍ഡ് സൈബര്‍ ഫൊറന്‍സിക് വിദഗ്ധരുടെ സഹായം തേടി. വന്‍കിട ട്രാവല്‍ ഏജന്‍സികളെ ആണ് സംശയം.
ഇന്നലത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് 66,000. പക്ഷെ പമ്പ വഴി കടന്നു വന്നത് 40,064 പേര് മാത്രം. കുറവ് 26000. ഇതിലെ ദുരൂഹത കണ്ടെത്താനാണ് ശ്രമം. വെര്‍ച്വല്‍ ക്യൂ കൂട്ടമായി ബുക്ക് ചെയ്യുന്നവരുടേയും റദ്ദാക്കുന്നവരുടേയും ഐ.പി.അഡ്രസുകള്‍ കണ്ടെത്താന്‍ സൈബര്‍ ഫൊറന്‍സിക് സഹായം തേടി.
ബോട്ടുകളോ വിപിഎന്നോ ഉപയോഗിക്കുന്നവരെയും കണ്ടെത്തും. ബുക്കിങ് തുടങ്ങുന്ന ഉടന്‍ ഏജന്‍സികള്‍ പലരുടെ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് കൂട്ടത്തോടെ ബുക്ക് ചെയ്യും. ഇന്നലെ ബുക്ക് ചെയ്തതില്‍ നിന്ന് 26000 തീര്‍ഥാടകരാണ് കുറഞ്ഞത്. ഭക്തര്‍ കുറഞ്ഞ സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് 5000 കൂടി കൂട്ടി.






