ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് പാൻമസാല പരസ്യ വിവാദത്തിൽ തിരിച്ചടി.
നിരോധിത പാൻമസാല ഉൽപ്പന്നങ്ങളെ പരോക്ഷമായി പ്രോത്സാഹിപ്പിച്ചെന്ന പരാതിയിൽ മൂന്ന് താരങ്ങൾക്കെതിരായ അന്വേഷണം
പൂർത്തിയാക്കിയിരിക്കുകയാണ് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ.
പരസ്യവുമായി ബന്ധപ്പെട്ട് താരങ്ങൾ സംസ്ഥാന നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയെന്ന് എഫ്ഡിഎ കമ്മീഷണർ തുക്കാറാം മുണ്ടെ വ്യക്തമാക്കി.
ഇതോടെ കേസിൽ തുടർനടപടികൾക്കുള്ള വഴിയും തുറന്നിരിക്കുകയാണ്.
കേസിൽ ഇനി തുടർനടപടികൾക്കായി ജോയിന്റ് കമ്മീഷണർക്ക് റിപ്പോർട്ട് കൈമാറും.
അടുത്ത ആഴ്ചയോടെ കേസ് വിധിനിർണയ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചു.
പാൻമസാല ബ്രാൻഡിന്റെ ഏലക്കായിയുടെ പരസ്യത്തിൽ അഭിനയിച്ചതുമായി ബന്ധപ്പെട്ടാണ് ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് നേരെ നടപടി ഉണ്ടായത്.
നിരോധിക്കപ്പെട്ട പാൻമസാല ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് ഇത്തരം പരസ്യങ്ങളെന്നായിരുന്നു എഫ്ഡിഎയുടെ ആരോപണം.
ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ആദ്യം മൂന്ന് താരങ്ങൾക്കും അധികൃതർ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
പരസ്യങ്ങളുമായുള്ള ബന്ധം വിശദീകരിക്കണമെന്നും ഇത്തരം പ്രചാരണങ്ങൾ അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
റിപ്പോർട്ടനുസരിച്ച്, നോട്ടീസിന് മറുപടി നൽകാൻ മൂന്ന് താരങ്ങളും കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അസിസ്റ്റന്റ് കമ്മീഷണർ
അന്വേഷണം പൂർത്തിയാക്കി സംസ്ഥാന നിയമങ്ങളുടെ ലംഘനം കണ്ടെത്തിയതായി തുക്കാറാം മുണ്ടെ അറിയിച്ചു.
"മൂന്ന് താരങ്ങളും മറുപടി നൽകാൻ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണം പൂർത്തിയാക്കി.
വിമൽ പാൻമസാല പരസ്യവുമായി ബന്ധപ്പെട്ട് ഇവർ സംസ്ഥാന നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ കേസ് അടുത്ത ആഴ്ചയോടെ ജോയിന്റ് കമ്മീഷണറുടെ പരിഗണനയ്ക്ക് സമർപ്പിക്കും," എന്നാണ് തുക്കാറാം മുണ്ടെ മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, പാൻമസാല പരസ്യവുമായി ബന്ധപ്പെട്ട കേസിൽ അജയ് ദേവ്ഗൺ ബോംബെ ഹൈക്കോടതിയെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇക്കാര്യം തുക്കാറാം മുണ്ടെ സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ ഹൈക്കോടതിയിലെ നീക്കങ്ങൾക്കിടയിലും ജോയിന്റ് കമ്മീഷണർക്ക് മുന്നിലുള്ള വകുപ്പുതല നടപടികൾ തുടരുമെന്നാണ് എഫ്ഡിഎയുടെ നിലപാട്.
നേരിട്ട് പരസ്യം ചെയ്യാൻ നിയന്ത്രണമുള്ള ഉൽപ്പന്നങ്ങളെ മറ്റൊരു പേരിലുള്ള ഉൽപ്പന്നത്തിന്റെ പരസ്യത്തിലൂടെ പരോക്ഷമായി പ്രചരിപ്പിക്കുന്ന രീതിയെയാണ് സർറോഗേറ്റ് അഡ്വർടൈസിങ് എന്ന് വിളിക്കുന്നത്.
ഉദാഹരണത്തിന്, പാൻമസാല ബ്രാൻഡിന്റെ പേരിൽ ഏലക്കായോ മൗത്ത് ഫ്രഷ്നറോ പരസ്യം ചെയ്യുമ്പോൾ അതിലൂടെ യഥാർഥ പാൻമസാല ഉൽപ്പന്നത്തിനും പ്രചാരം ലഭിക്കുന്നുണ്ടെന്നാണ് അധികൃതരുടെ ആരോപണം.






