കൊച്ചി : വെണ്ണലയില്‍ അബ്കാരി കരാറുകാരനായിരുന്ന മിഥില മോഹൻ എന്ന വി.എ. മോഹനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സി ബി ഐ കോടതി വെറുതെ വിട്ടു.
തൃശ്ശൂർ സ്വദേശി സന്തോഷ് കുമാർ എന്ന കണ്ണനെ ആണ് വിചാരണ കൂടാതെ കോടതി വെറുതെ വിട്ടത്. ഇരുപത് വർഷം പഴക്കമുള്ള കൊലപാതക്കേസിലാണ് പ്രതിയെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയത്.
എറണാകുളം വെണ്ണലയില്‍ 2006 ഏപ്രില്‍ അഞ്ചിനാണ് സ്പിരിറ്റ് വ്യാപാരിയായിരുന്ന മോഹൻ എന്ന മിഥില മോഹൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. അനധികൃത സ്പിരിറ്റ് വ്യാപാരവുമായി ബന്ധപ്പെട്ട മുൻവൈരാഗ്യത്തെ തുടർന്ന് തമിഴ്നാട്ടില്‍ നിന്നുള്ള വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപാതകം നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കേരള പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ പിന്നീട് സിബിഐ അന്വേഷണം ഏറ്റെടുത്ത് പ്രതിക്കെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
കേസില്‍ ആകെ 117 സാക്ഷികളെയാണ് സിബിഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സിബിഐ സമർപ്പിച്ച കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിച്ച കോടതി, പ്രതിക്കെതിരെ വിചാരണ തുടരാൻ മതിയായ അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഡ്വക്കേറ്റ് എൻ. കെ. ഉണ്ണികൃഷ്ണൻ, എൻ.യു ഹരികൃഷ്ണ, സഈർ അഹമ്മദ് എന്നിവർ ഹാജരായി.






