ചെന്നൈ: ചെന്നൈയിലെ തിരുവാന്മിയൂർ ടൈഡല്‍ പാർക്കിന് സമീപം തിരക്കേറിയ റോഡ് പെട്ടെന്ന് ഇടിഞ്ഞുതാഴ്ന്ന് കാർ വൻ ഗർത്തത്തിലേക്ക് പതിച്ചു.
വ്യാഴാഴ്ച രാവിലെ നടന്ന ഞെട്ടിപ്പിക്കുന്ന അപകടത്തില്‍ കാറിലുണ്ടായിരുന്ന പുരുഷനും സ്ത്രീയും അത്ഭുതകരമായി പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.
മെട്രോ റെയില്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ പുരോഗമിക്കുന്ന പാതയിലൂടെ വാഹനം
കടന്നുപോകുന്നതിനിടയില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ റോഡിന്റെ ഒരു ഭാഗം താഴേക്ക് പതിക്കുകയായിരുന്നു.
പെട്ടെന്നുണ്ടായ തകർച്ചയില്‍ ഡ്രൈവർക്ക് വാഹനം നിയന്ത്രിക്കാൻ അവസരം ലഭിക്കും മുൻപേ തന്നെ കാർ തലകീഴായി പത്തടിയോളം താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ഈ മേഖലയില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
വിവരമറിഞ്ഞെത്തിയ പൊലിസും മെട്രോ നിർമ്മാണ തൊഴിലാളികളും ചേർന്ന് ഉടനടി രക്ഷാപ്രവർത്തനം നടത്തുകയും റോഡിലെ ഗർത്തം നികത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള അടിയന്തര അറ്റകുറ്റപ്പണികള്‍ ആരംഭിക്കുകയും ചെയ്തു.
വൻകിട നിർമ്മാണങ്ങള്‍ നടക്കുന്ന മേഖലകളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നുണ്ടെന്ന ആശങ്ക ശക്തമായിട്ടുണ്ട്. 2025 മേയില്‍ തിരുവാന്മിയൂർ ജംഗ്ഷന് സമീപം ഭൂഗർഭ ഓവുചാല്‍ പൈപ്പ് തകർന്ന് റോഡിലുണ്ടായ ആറടി താഴ്ചയുള്ള കുഴിയിലേക്ക് കാർ വീണ് അഞ്ച് പേർക്ക് പരിക്കേറ്റ സംഭവം ജനങ്ങള്‍ ഓർത്തു
നഗരത്തില്‍ മെട്രോ പ്രവൃത്തികളും മറ്റ് വികസന പദ്ധതികളും നടക്കുമ്പോള്‍ റോഡുകളുടെയും ഭൂഗർഭ ലൈനുകളുടെയും ബലക്ഷയം കൃത്യമായി പരിശോധിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്.






