ഡല്‍ഹി: 2,000 രൂപയ്ക്ക് മുകളിലുള്ള ചില യുപിഐ ഇടപാടുകള്‍ക്ക് ഏർപ്പെടുത്താനിരിക്കുന്ന 0.4 ശതമാനം മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) നടപ്പാക്കുന്നത് അടുത്ത വർഷത്തേക്ക് നീട്ടിയേക്കുമെന്ന് സൂചന.
ഒക്ടോബർ 15 മുതല്‍ പുതിയ നിരക്ക് നിലവില്‍ വരാൻ ഇരിക്കെയാണ് തീരുമാനം അടുത്ത വർഷത്തേക്ക് നീട്ടുന്നത് സംബന്ധിച്ച് ചർച്ച നടക്കുന്നത്.
ഇതുവരെ വിഷയത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.
വ്യാപാരി സംഘടനകള്‍, ഫിൻടെക് കമ്പനികള്‍, പേയ്മെന്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ ആവശ്യത്തെ തുടർന്നാണ് നാഷണല്‍ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തീരുമാനം പുനഃപരിശോധിക്കാൻ ഒരുങ്ങുന്നത്.
വിവിധ തരത്തിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാധകമാകുന്ന മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് സംവിധാനത്തെ കുറിച്ചുള്ള ആശയക്കുഴപ്പവും തുടരുന്നുണ്ട്. അതിനാലാണ് പുതിയ നിരക്ക് നടപ്പാക്കാൻ സ്ഥാപനങ്ങള്‍ കൂടുതല്‍ സമയം ആവശ്യപ്പെടുന്നത്.
കൂടാതെ, സാധാരണ ജനങ്ങളെ ഈ സംവിധാനം നേരിട്ട് ബാധിക്കില്ലെങ്കിലും വ്യാപാരികള്‍ യുപിഐ വഴി പണം സ്വീകരിക്കാൻ മടിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.






