കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പ്രമുഖ സി.പി.എം. നേതാക്കളുടെ വസതികള്‍ക്ക് മുന്നില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പോലീസ് സുരക്ഷ പുനഃപരിശോധിക്കണമെന്നും ഇതില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്കി. മുന്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മുന്‍ മന്ത്രി ഇ.പി. ജയരാജന്, പി. ജയരാജന്, പ്രതിപക്ഷ നേതാവ് പിണറായി വിജയന് എന്നിവരുടെ വസതികള്‍ക്ക് മുന്നിലെ പോലീസ് ഉദ്യോഗസ്ഥരുടെ വിന്യാസം കൃത്യമായ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണോ എന്ന് പരിശോധിക്കണമെന്ന് കെ.എസ്.യു. ആവശ്യപ്പെട്ടു.
സേനയില്‍ ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരില്ലാതെ പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴാണ് ഇത്തരം വിന്യാസമെന്ന് കെ.എസ്.യു. ആരോപിക്കുന്നു. നിലവില്‍ കണ്ണൂരില്‍ താമസിക്കുന്ന എ.എന്‍. ഷംസീറിന്റെ തലശ്ശേരിയിലുള്ള വസതിക്ക് മുന്നില്‍ മൂന്ന് പോ-
ലീസ് ഉദ്യോഗസ്ഥര്‍ വെറുതെയിരിക്കുകയാണ്. നിലവില്‍ എം.എല്‍.എ.മാര്‍ പോലുമല്ലാത്ത ഇ.പി. ജയരാജന്, പി. ജയരാജന്, എ.എന്‍. ഷംസീര്‍ എന്നിവരുടെ വീടുകള്‍ക്ക് മുന്നില്‍ പോലീസ് കാവല്‍ തുടരുന്നതില്‍ കൃത്യമായ മാനദണ്ഡം ഉറപ്പാക്കണമെന്ന് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പിണറായി പാണ്ട്യാലമുക്കിലെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പോലീസ് ജീപ്പ് അടുത്തിടെ മാറ്റിയെങ്കിലും കാവല്‍ നില്ക്കുന്ന പൊലീസുകാരുടെ ദുരിതം മാറിയിട്ടില്ല. പകരം സംവിധാനമേര്‍പ്പെടുത്താതെ വാഹനം മാറ്റിയത് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്. മഴ പെയ്യുമ്പോള്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കയറി ഇരിക്കാനുണ്ടായിരുന്ന ഏക തണലായിരുന്നു ജീപ്പ്. കണ്ണൂര്‍ എ.ആര്. ക്യാമ്പിലെ രണ്ട് എസ്.ഐ., ആറ് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഇവിടെ ഡ്യൂട്ടി ചെയ്യുന്നത്.
ഒരു സമയം ഒരു എസ്.ഐ.യും രണ്ട് പോലീസുകാരുമാണ് ഇവിടെ കാവലുണ്ടാവുക. അടിസ്ഥാന പ്രാഥമികകൃത്യങ്ങള്‍ക്ക് പോലുമാകാതെ വര്‍ഷങ്ങളായി പൊലീസുകാര്‍ ഇവിടെ കഷ്ടപ്പെടുകയായിരുന്നു. പിണറായി വിജയന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് വീടിന് മുന്നില്‍ ഔട്ട് ഹൗസ് ഉണ്ടായിരുന്നെങ്കിലും അവിടുത്തെ സൗകര്യങ്ങള്‍ പൊലീസുകാര്‍ക്ക് ഉപയോഗിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. തൊട്ടടുത്ത വീടുകളെ ആശ്രയിച്ചിരുന്ന പൊലീസുകാര്‍ക്ക് പിന്നീട് സമീപത്ത് പിണറായി പോലീസ് സ്റ്റേഷന് വന്നതോടെയാണ് ആശ്വാസമായത്. വീടിന് 800 മീറ്റര്‍ അകലെയാണ് പുതിയ സ്റ്റേഷന്. മുന്‍പ് നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ പാമ്പ് കയറിയതിനെ തുടര്‍ന്നാണ് മറ്റൊരു വാഹനം കൊണ്ടുവന്നത്. പിന്നീട് കമ്മീഷന് നിര്‍ദേശപ്രകാരം ജീപ്പ് മാറ്റുകയായിരുന്നു.
സ്റ്റേറ്റ് സെക്യൂരിറ്റി കമ്മീഷന്റെ പുനഃപരിശോധനയെ തുടര്‍ന്നാണ് ജീപ്പ് മാറ്റിയതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് ഭരത് റെഡ്ഡി സ്ഥിരീകരിച്ചു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വിശ്രമിക്കാന്‍ പിണറായി പോലീസ് സ്റ്റേഷനില്‍ സൗകര്യമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, തന്റെ വീടിന് മുന്നില്‍ ഗതാഗതയോഗ്യമല്ലാത്ത ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്നു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയന് രംഗത്തെത്തി. തന്നെ വ്യക്തിപരമായി അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചില മാധ്യമങ്ങളും വ്യക്തികളും രംഗത്തുവന്നിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു
സുരക്ഷാ നടപടികളുടെ ഭാഗമായി പോലീസ് ഔട്ട്പോസ്റ്റ് ഇടുന്നത് സ്വാഭാവിക ഔദ്യോഗിക നടപടിക്രമം മാത്രമാണ്. തന്റെ വീടിന് മുന്നില്‍ പ്രത്യേക പോലീസ് സ്റ്റേഷന് ആരംഭിച്ചിട്ടില്ലെന്നും, ഗതാഗതയോഗ്യമല്ലാത്ത വാഹനം മാറ്റാത്തതിന്റെ കാരണം വ്യക്തമാക്കേണ്ടത് പോലീസാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത്തരം വാര്‍ത്തകളെ ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയണമെന്നും പിണറായി വ്യക്തമാക്കി.






