തണ്ണീർമുക്കം: കോട്ടയം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന തണ്ണീർമുക്കം ബണ്ടിനോട് ചേർന്നു നാളുകളായി തകർന്നു കിടന്നിരുന്ന മെയിൻ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി.
തണ്ണീർമുക്കം ഭാഗത്തുനിന്നാണ് നിർമാണ ജോലികള്‍ ആരംഭിച്ചത്. ഇന്നും നാളെയും കൊണ്ടു വെച്ചൂർ ഭാഗം വരെ റോഡ് സഞ്ചാര യോഗ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ
കോട്ടയം -ആലപ്പുഴ ജില്ലാതിർത്തിയിലുള്ള തണ്ണീർമുക്കം ബണ്ടിനോട് ചേർന്നുള്ള മെയിൻ റോഡിന്റെ ദുർഘടാവസ്ഥയ്ക്കാണ് ഇപ്പോള്‍ പരിഹാരമുണ്ടാകുന്നത്. ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിന് കീഴിലുള്ള ഇൻലാൻഡ് നാവിഗേഷൻ വാട്ടർ ഡിപ്പാർട്ട്മെന്റില്‍നിന്നും ഒരു കോടി 41 ലക്ഷം രൂപ റോഡ് നവീകരണത്തിന് മന്ത്രി മോൻസ് ജോസഫ് ഇടപെട്ട് അനുവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർമാണ പ്രവർത്തനങ്ങള്‍ ഡിപ്പാർട്ട്മെന്റ് ക്രമീകരിച്ചിട്ടുള്ളത്.
ആദ്യഘട്ടത്തില്‍ കുഴികളടച്ച് റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനാണ് പ്രഥമ പരിഗണന. ഇതിലൂടെ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന യാത്രാ ദുരിതത്തിന് ഒരു പരിധി വരെ പരിഹാരമുണ്ടാകും. തുടർന്ന് ബിസി ഓവർ ലേ റീ ടാറിംഗ് ജോലികള്‍ രണ്ടാം ഘട്ടമായി തൊട്ടുപിന്നാലെ നടപ്പാക്കുന്നതിനുമാണ് തീരുമാനം.
ജലവിഭവ മന്ത്രിയും വിവിധ ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ച ശേഷം കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കാൻ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിലെ പ്രധാന ഉദ്യോഗസ്ഥർ നിർമാണ പ്രവർത്തങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. വാഹനങ്ങള്‍ക്കും യാത്രക്കാർക്കും ബുദ്ധിമുട്ടില്ലാതെ ക്രമീകരിക്കുന്നതിന് പോലീസിന്റെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട് കുടവെച്ചൂർ പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളാഘോഷങ്ങള്ക്ക് മുന്‍പായി തകർന്നു കിടക്കുന്ന റോഡ് ഭാഗം പുനരുദ്ധരിച്ച് സഞ്ചാര യോഗ്യമാക്കുമെന്ന് സ്ഥലം സന്ദർശിച്ച ജലവിഭവ മന്ത്രി മോൻസ് ജോസഫ് ഉറപ്പു നല്‍കിയിരുന്നു.






