ചെന്നൈ: അദ്ധ്യാപകനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടതിനെത്തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി.
തമിഴ്നാട്ടിലെ കല്ലാക്കുറിച്ചി ജില്ലയിലാണ് സംഭവം. ഇന്ന് രാവിലെയാണ് പെണ്‍കുട്ടി സ്വന്തം വീട്ടില്‍ ജീവനൊടുക്കിയത്. കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ ജഗദേശൻ എന്ന അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അന്വേഷണത്തില്‍ അദ്ധ്യാപകൻ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് വ്യക്തമായതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പെണ്‍കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും അദ്ധ്യാപകനെതിരെയും വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ, തമിഴ്നാട്ടില്‍ ക്രമസമാധാനനില മോശമാകുന്നതായും കൊലപാതകങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, കസ്റ്റഡി മരണങ്ങള്, ദുരഭിമാനക്കൊല എന്നിവ വർദ്ധിക്കുന്നതായും പ്രതിപക്ഷം ആരോപിച്ചു. ഉദയനിധി സ്റ്റാലിൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സർക്കാരിന്റെ ക്രമസമാധാന പരിപാലന രീതിയെ ചോദ്യംചെയ്തു.
എല്ലാ കുറ്റകൃത്യങ്ങളെയും ക്രമസമാധാന പ്രശ്നമായി കണക്കാക്കാൻ ആകില്ലെന്നാണ് ഉദയനിധി സ്റ്റാലിന് മറുപടിയായി മുഖ്യമന്ത്രി വിജയ് നിയമസഭയില്‍ പറഞ്ഞത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനുമാണ് സർക്കാർ മുൻഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, ലഹരിമരുന്ന് ഉപയോഗം തടയുന്നതില്‍ മുൻ സർക്കാർ വീഴ്ച വരുത്തിയെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.






