തിരുവനന്തപുരം: മലയിന്‍കീഴ് വിളവൂർക്കലിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തില്‍ അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇന്നലെയാണ് ക്രിസ്റ്റി ഒന്നര വയസ്സുകാരിയായ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ പദ്ധതിയിട്ടതായി ക്രിസ്റ്റി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തുടർന്ന് കസ്റ്റഡിയില്‍ എടുത്ത ക്രിസ്റ്റിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. മൃതദേഹം ഉടൻ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കൊലക്ക് പിന്നില്‍ കുടുംബപ്രശ്നങ്ങളെന്നാണ് സൂചന. ഭർത്താവ് അഭിജിത്തിന് തന്നെ സംശയമായിരുന്നെന്നും തന്റെ വീട്ടിലേക്ക് പോലും വിട്ടിരുന്നില്ലെന്നും കുട്ടിയുടെ മാതാവ് ക്രിസ്റ്റി പൊലീസിനോട് സമ്മതിച്ചു.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു ആലോചനയെന്നും കുട്ടി നിലത്ത് വീണ് പിടയുന്നത് കണ്ട് പരിഭ്രാന്തയായതോടെ അതിന് സാധിച്ചില്ലെന്നും മാതാവ് പറഞ്ഞു. ക്രിസ്റ്റിയും അഭിജിത്തും തമ്മില്‍ കൊല നടന്ന ദിവസവും വഴക്ക് നടന്നെന്നാണ് വിവരം.
വൈകുന്നേരം നാല് മണിയോടെ കുഞ്ഞിന്റെ ബന്ധു കുട്ടിയോടൊപ്പം കളിക്കാനായി സ്ഥലത്തെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുഞ്ഞിന്റെ അനക്കം കേള്‍ക്കാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോള്‍, ഞാനെന്റെ കൊച്ചിനെ കൊന്നേയെന്ന് ക്രിസ്റ്റി അലറുകയായിരുന്നെന്ന് ബന്ധു പറഞ്ഞത്.






