കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയില്‍ മൊബൈല്‍ ഫോണില്‍ വീഡിയോ പകർത്തിയതായി പരാതി. സംഭവത്തില്‍ 22കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ 203-ാം നമ്പർ വാർഡില്‍ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരി നല്കിയ പരാതിയിലാണ് പൊലീസ് നടപടി. ശുചിമുറിയില്‍ കയറിയ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകർത്താൻ ശ്രമിച്ചതായി യുവതി ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
തന്റെ പിതാവിന്റെ കൂട്ടിരിപ്പിനായി എത്തിയതായിരുന്നു കസ്റ്റഡിയിലായ യുവാവ്. യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്ത് പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.






