സ്തനാർബുദം പലപ്പോഴും മധ്യവയസ്സിലോ അതിനു ശേഷമോ ആണ് കണ്ടുവരാറുള്ളതെങ്കിലും, ചെറുപ്പക്കാരായ സ്ത്രീകള്‍ക്കും ഈ രോഗം വരാം.
വാസ്തവത്തില്‍, 30-ഉം 40-ഉം വയസ്സുള്ള സ്ത്രീകളില്‍ സ്തനാർബുദം ഒരു പ്രധാന ആരോഗ്യപ്രശ്നമായി തുടരുന്നു. അതിനാല്‍, രോഗത്തെക്കുറിച്ചുള്ള അവബോധം, കൃത്യസമയത്തുള്ള വൈദ്യസഹായം തേടുക, ഓരോരുത്തർക്കും ഈ രോഗം വരാനുള്ള സാധ്യതകള്‍ ഇവയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാനമാണ്.
30-നും 39-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ കണ്ടുവരുന്ന പ്രധാന അർബുദങ്ങളിലൊന്നാണ് സ്തനാർബുദം. തങ്ങള്‍ക്ക് സ്തനാർബുദം വരാൻ മാത്രം പ്രായമായിട്ടില്ല എന്ന തെറ്റായ ധാരണ പല സ്ത്രീകളിലും ഉണ്ട്. ഇത് രോഗലക്ഷണങ്ങളെ അവഗണിക്കാനോ, വൈദ്യസഹായം തേടുന്നതില്‍ കാലതാമസം വരുത്താനോ കാരണമായേക്കാമെന്ന് 'സതേണ്‍ മേരിലാൻഡ് ന്യൂസ്' പുറത്തിട്ട് വിട്ട റിപ്പോർട്ടില്‍ പറയുന്നു.
സ്തനാർബുദം പ്രായമായ സ്ത്രീകളില്‍ മാത്രം കാണപ്പെടുന്ന ഒരു രോഗമല്ല. യുവതികളും തങ്ങളുടെ സ്തനാരോഗ്യത്തെക്കുറിച്ച് അത്രത്തോളം തന്നെ ബോധവതികളായിരിക്കണമെന്ന് സീനിയർ ഓങ്കോളജിസ്റ്റ് ഡോ. മൻദീപ് സിംഗ് മല്‍ഹോത്ര പറയുന്നു. ചെറുപ്പക്കാരായ സ്ത്രീകള്‍ക്ക് ചില പ്രത്യേക വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ഇവരില്‍ സ്തനകലകള്‍ക്ക് സാന്ദ്രത കൂടുതലായിരിക്കാൻ സാധ്യതയുണ്ട്. ആർത്തവചക്രം, ഗർഭധാരണം, മുലയൂട്ടല്‍ എന്നിവയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ കാരണം, രോഗലക്ഷണങ്ങളെ പലപ്പോഴും അവഗണിക്കാൻ സാധ്യതയുണ്ട്.
സ്തനത്തില്‍ കാണപ്പെടുന്ന പുതിയ മുഴകളെയോ അസാധാരണമായ മാറ്റങ്ങളെയോ ഒരിക്കലും അവഗണിക്കരുതെന്നും ഡോ. മൻദീപ് സിംഗ് പറയുന്നു. പാരമ്പര്യമായി ലഭിച്ച ജനിതക ഘടകങ്ങള്‍, ഹോർമോണുകളുമായുള്ള സമ്പർക്കം, ജീവിതശൈലിയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ എന്നിവയുടെയെല്ലാം ഒരു വ്യക്തിയിലെ രോഗസാധ്യതയെ സ്വാധീനിച്ചേക്കാം.
സ്തനാർബുദം സ്ത്രീകളെ കുറച്ചുകൂടി ചെറുപ്രായത്തില്‍ത്തന്നെ ബാധിച്ചുവരുന്നുണ്ട്. ഇതിന്റെ ഒരു പ്രധാന കാരണം, BRCA1, BRCA2 തുടങ്ങിയ ജീനുകളുമായി ബന്ധപ്പെട്ട, കുടുംബപരമോ പാരമ്പര്യമോ ആയ സ്തനാർബുദമാണെന്ന് ഡോ. മല്‍ഹോത്ര പറഞ്ഞു. BRCA1, BRCA2 തുടങ്ങിയ ജീനുകളിലുണ്ടാകുന്ന ജനിതകമാറ്റങ്ങള്‍ സ്തനാർബുദ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കും.
ആർത്തവം നേരത്തെ ആരംഭിക്കുക, വൈകിയ പ്രായത്തില്‍ ആദ്യ ഗർഭധാരണം നടക്കുക, പ്രസവിക്കാതിരിക്കുക എന്നിവ സ്തനാർബുദ സാധ്യതയുമായി ബന്ധപ്പെട്ട ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. അമിതഭാരം, മദ്യപാനം, പുകയില ഉപയോഗം എന്നിവയാണ് മറ്റ് പ്രധാന അപകടസാധ്യത ഘടകങ്ങള്‍.
സ്തനാർബുദത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍..
സ്തനത്തിലോ കക്ഷത്തിലോ പുതിയതായി കാണപ്പെടുന്ന മുഴ
സ്തനത്തിന്റെ വലിപ്പത്തിലോ ആകൃതിയിലോ പെട്ടെന്നുണ്ടാകുന്ന മാറ്റം.
സ്തനചർമ്മത്തില്‍ കുഴികള്‍ വീഴുക, ചുളിവുകള്‍ ഉണ്ടാവുക അല്ലെങ്കില്‍ ചർമ്മം കട്ടിയാവുക.
മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞ അവസ്ഥയോ അല്ലെങ്കില്‍ അതിന്റെ രൂപത്തിലുണ്ടാകുന്ന മാറ്റമോ.
മുലഞെട്ടില്‍ നിന്നുള്ള അസാധാരണമായ സ്രവം
സ്തനത്തിന് ചുറ്റുമുള്ള ചർമ്മത്തില്‍ തുടർച്ചയായ ചുവപ്പ്, വീക്കം അല്ലെങ്കില്‍ മാറ്റങ്ങള്‍ കാണുക.
തുടർച്ചയായതോ അസാധാരണമായതോ ആയ സ്തനവേദന.






