രാജ്യത്ത് പ്രതിവർഷം കണ്ടെത്തപ്പെടുന്ന കാൻസർ കേസുകളില്‍ വലിയൊരു പങ്കും ബ്രെസ്റ്റ് കാൻസർ ആണ്. സ്ത്രീകളില്‍ ബ്രസ്റ്റ് കാൻസർ (Breast Cancer) കേസുകള്‍ വർധിച്ചുവരികയാണ്. ഇന്ത്യയില്‍ സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളില്‍ 27 ശതമാനത്തിലധികവും സ്തനാർബുദം അഥവാ ബ്രസ്റ്റ് കാൻസർ (Breast Cancer) ആണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കേരളത്തിന്റെ സാഹചര്യത്തിലേക്ക് വരുമ്പോള്‍ സ്ത്രീകളില്‍ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൊത്തം കാൻസർ കേസുകളില്‍ മൂന്നിലൊന്നിലധികവും (ഏകദേശം 34 ശതമാനം) ബ്രെസ്റ്റ് കാൻസർ ആണെന്നത് രോഗവ്യാപനത്തിന്റെ ഭീകരത വ്യക്തമാക്കുന്നു.
രോഗബാധിതരുടെ എണ്ണത്തിലും കാൻസർ മൂലമുള്ള മരണനിരക്കിലും തുടർച്ചയായി ഉണ്ടാകുന്ന ഈ വർധനവ് ആശങ്ക ഉയർത്തുന്നുണ്ട്. ഒന്നില്‍ക്കൂടുതല്‍ കാരണങ്ങള്‍ ഒന്നിച്ചുവരുന്ന മള്‍ട്ടി ഫാക്ടോറിയല്‍ ആയ അവസ്ഥയാണ് ബ്രെസ്റ്റ് കാൻസറിലേക്ക് നയിക്കുന്നത്.
പെണ്‍കുട്ടികളില്‍ ആർത്തവം അഥവാ മെനാർക്കി (Menarche) വളരെ നേരത്തെ ആരംഭിക്കുന്നതും ആർത്തവവിരാമം അഥവാ മെനോപോസ് (Menopause) വൈകി സംഭവിക്കുന്നതും ശരീരത്തില്‍ ഈസ്ട്രോജൻ ഹോർമോണിന്റെ സാന്നിധ്യം കൂടുതല്‍ കാലം നിലനില്ക്കാൻ ഇടയാക്കും.
ആദ്യത്തെ ഗർഭധാരണം 35 വയസ്സിന് ശേഷം സംഭവിക്കുന്നതും കുട്ടികള്‍ ഇല്ലാത്ത അവസ്ഥയും (Nulliparity) ഹോർമോണ്‍ മാറ്റങ്ങള്‍ മൂലം രോഗസാധ്യത ഉയർത്തുന്ന പ്രധാന ഘടകങ്ങളാണ്. സ്തനാർബുദത്തിലേക്ക് നയിക്കുന്ന അഞ്ച് പ്രധാന കാരണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
1) ഹോർമോണ്‍ വ്യതിയാനം
ബ്രെസ്റ്റ് കാൻസറിന് പ്രധാന കാരണം ഹോർമോണല്‍ ഫാക്ടറുകള്‍ ആണ്. ശരീരത്തില്‍ ഈസ്ട്രോജൻ ഹോർമോണിന്റെ എക്സ്പോഷർ വർധിക്കുന്നത് രോഗസാധ്യത കൂട്ടുന്നു. പെണ്‍കുട്ടികളില്‍ ആർത്തവം അഥവാ മെനാർക്കി (Menarche) വളരെ നേരത്തെ ആരംഭിക്കുന്നതും, ആർത്തവവിരാമം അഥവാ മെനോപോസ് (Menopause) വൈകി സംഭവിക്കുന്നതും ഈസ്ട്രോജൻ സാന്നിധ്യം ശരീരത്തില്‍ കൂടുതല്‍ കാലം നിലനില്ക്കാൻ ഇടയാക്കും. ആദ്യത്തെ ഗർഭധാരണം 35 വയസ്സിന് ശേഷം സംഭവിക്കുന്നതും, കുട്ടികള്‍ ഇല്ലാത്ത അവസ്ഥയും (Nulliparity) ഹോർമോണ്‍ മാറ്റങ്ങള്‍ മൂലം രോഗസാധ്യത ഉയർത്തുന്ന ഘടകങ്ങളാണ്.
2) മുലയൂട്ടല്‍ ഒഴിവാക്കുന്നത്
കുട്ടികള്‍ക്ക് മുലപ്പാല്‍ (Breastfeeding) നല്‍കാതിരിക്കുന്നത് രോഗസാധ്യത കൂട്ടുന്ന മറ്റൊരു പ്രധാന കാരണമാണ്. കുറഞ്ഞത് രണ്ടു വർഷമെങ്കിലും കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുന്നത് ബ്രെസ്റ്റ് കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും.
3) ആർത്തവവിരാമത്തിന് ശേഷമുള്ള അമിതവണ്ണം
ആർത്തവവിരാമത്തിന് ശേഷമുണ്ടാകുന്ന അമിതവണ്ണം (Post Menopausal Obesity) ബ്രെസ്റ്റ് കാൻസർ റിസ്ക് വർധിപ്പിക്കുന്നു. വണ്ണം വെക്കുന്നതിലൂടെ ശരീരത്തില്‍ ഹോർമോണ്‍ എക്സസ് ഉണ്ടാവുകയും ഇത് രോഗത്തിലേക്ക് നയിക്കാൻ കാരണമാവുകയും ചെയ്യുന്നു.
4) പാരമ്പര്യ ഘടകങ്ങളും ജീൻ മ്യൂട്ടേഷനും
കുടുംബത്തില്‍ കാൻസർ പാരമ്പര്യമുള്ളവരില്‍ ജീൻ മ്യൂട്ടേഷൻ (BRCA Gene Mutation) വഴിയും രോഗസാധ്യത വർധിക്കുന്നു. ബി ആർ സി എ ജീൻ മ്യൂട്ടേറ്റഡ് ആയിട്ടുള്ളവർക്ക് ബ്രെസ്റ്റ് കാൻസർ വരാൻ 60 മുതല്‍ 80 ശതമാനം വരെ ഉയർന്ന സാധ്യതയുണ്ട്. ഇങ്ങനെയുള്ളവർക്ക് കൃത്യമായ ജനറ്റിക് കൗണ്‍സിലിംഗിന് ശേഷം പരിശോധനകളും കൂടുതല്‍ ഇൻ്റൻസീവ് ആയ സ്ക്രീനിംഗും ആവശ്യമാണ്.
5) പാരിസ്ഥിതിക ഘടകങ്ങളും ഭക്ഷണരീതിയും
അന്തരീക്ഷ മലിനീകരണവും (Atmospheric Pollution) മാറിയ ഭക്ഷണരീതികളും ബ്രെസ്റ്റ് കാൻസറിന് കാരണമാകുന്നുണ്ട്. അന്തരീക്ഷ മലിനീകരണം രോഗസാധ്യത വർധിപ്പിക്കുന്ന തെളിയിക്കപ്പെട്ട ഘടകമാണ്. കൂടാതെ ഹോർമോണ്‍ അടങ്ങിയ ചിക്കൻ പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ഹോർമോണ്‍ എക്സസ് ബ്രെസ്റ്റ് കാൻസർ ഇൻസിഡൻസ് കൂട്ടാൻ ഇടയാക്കുന്നു.
രോഗലക്ഷണങ്ങളും പരിശോധനയും
സ്തനങ്ങളില്‍ കാണുന്ന എല്ലാ മുഴകളും കാൻസർ ആകണമെന്നില്ല. ഫൈബ്രോഡിനോമ (Fibroadenoma) പോലെയുള്ള ഉപദ്രവമില്ലാത്ത ബിനൈൻ ലമ്പുകളും ഉണ്ടാകാം. എങ്കിലും ഏത് പ്രായത്തിലും സ്തനങ്ങളില്‍ തടിപ്പോ, മുഴയോ, കക്ഷത്തില്‍ തടിപ്പോ, അള്‍സറോ കണ്ടാല്‍ ഉടൻ ഡോക്ടറെ കാണിക്കണം. മാമോഗ്രാം (Mammogram), അള്‍ട്രാസൗണ്ട് (Ultrasound) എന്നിവയിലൂടെ രോഗനിർണയം കൃത്യമായി നടത്താം. നാലാം സ്റ്റേജില്‍ ലിമിറ്റഡ് മെറ്റാസ്റ്റാസിസ് (Oligo Metastatic Disease) ഉള്ള അവസ്ഥയില്‍ പോലും കൃത്യമായ ചികിത്സകളും സർജറിയും ലഭ്യമാണ്.
ആണുങ്ങളിലെ ബ്രെസ്റ്റ് കാൻസർ
അപൂർവ്വമായി പുരുഷന്മാരിലും ബ്രെസ്റ്റ് കാൻസർ വരാൻ സാധ്യതയുണ്ട്. സിറോസിസ്, ഈസ്ട്രോജൻ എക്സസ് തുടങ്ങിയ കണ്ടീഷനുകള്‍ ഉള്ള പുരുഷന്മാരിലാണ് ഇത് കൂടുതല്‍ കാണപ്പെടുന്നത്. അതിനാല്‍ കൃത്യമായ ലക്ഷണങ്ങള്‍ കണ്ട് മാമോഗ്രാമും പരിശോധനകളും വഴി പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തിയാല്‍ പൂർണ്ണ സൗഖ്യം നേടാനാകും.






