കോട്ടയം: ഇന്നത്തെ കാലത്ത് ജിമ്മില്‍ പോകുന്നവരുടെ പ്രിയ ഭക്ഷണമാണ് മുട്ട. ഇനി ജിമ്മിലൊന്നും പോകാത്തവർ ആണെങ്കിലും ദിവസം ഒരു പുഴുങ്ങിയ മുട്ടയെങ്കിലും ഭക്ഷണത്തില്‍ ഉള്പ്പെടുത്തുന്നവരാകും പലരും.
തിരക്ക് പിടിച്ചുളള ഓട്ടത്തിനിടയില്‍ ഒരാഴ്ചത്തേക്കുളള മുട്ട ഒരുമിച്ച് പുഴുങ്ങി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരും ഉണ്ടാകും.
എന്നാല്‍ പുഴുങ്ങിയ മുട്ട ഇങ്ങനെ ദിവസങ്ങളോളം വെക്കുന്നത് നല്ലതാണോ. പുഴുങ്ങിയ മുട്ട എത്ര ദിവസം വരെ സുരക്ഷിതമായി കഴിക്കാനാകും. ഒന്നോ രണ്ടോ ദിവസങ്ങള്‍ കഴിയുമ്പോള്‍ തന്നെ പുഴുങ്ങിയ മുട്ട കേടാകുമോ? അറിയാം..
നന്നായി പുഴുങ്ങിയ മുട്ട ഫ്രിഡ്ജില്‍ വെച്ചാല്‍ 7 ദിവസം വരെ കേട് കൂടാതെയിരിക്കും എന്നാണ് യുഎസ്ഡിഎ വ്യക്തമാക്കുന്നത്. സാധാരണയായി നമ്മള് മുട്ട പുഴുങ്ങുമ്പോള്‍ അതിന്റെ തോടിന് പുറത്തുളള സ്വാഭാവിക സംരക്ഷണ പാളി നഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ട് പുഴുങ്ങിയ മുട്ട അധികനേരം പുറത്ത് വെക്കാതിരിക്കുന്നതാണ് നല്ലത്. കാരണം പുറത്ത് വെക്കുമ്പോള്‍ ബാക്ടീരിയ ഉണ്ടാകാനുളള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് പുഴുങ്ങിയ മുട്ട ഒന്നോ രണ്ടോ മണിക്കൂറിനുളളില്‍ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റുന്നതാണ് നല്ലത്.
മുട്ട തോട് കളഞ്ഞതാണോ തോടോട് കൂടിയത് ആണോ കൂടുതല്‍ സമയം കേടാകാതെ ഇരിക്കുന്നത്. തോടുള്ള മുട്ടകളാണ് കൂടുതല്‍ സമയം പുതിയതുപോലെ ഇരിക്കുന്നത്. പുഴുങ്ങിയ മുട്ട ചൂടാറിയതിന് ശേഷം ഒരു എയർടൈറ്റ് പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വെക്കാം. ഇനി തോട് കളഞ്ഞ മുട്ടയാണ് എങ്കില്‍ ഈർപ്പം നഷ്ടപ്പെട്ട് ഉണങ്ങിപ്പോകാതിരിക്കാൻ നോക്കണം. ഒന്നുകില്‍ പാത്രത്തിനുളളില്‍ നനഞ്ഞ ടിഷ്യു പേപ്പർ വെച്ച് അതിന് മുകളില്‍ മുട്ട വെച്ച് അടച്ച് വെക്കുക. അല്ലെങ്കില്‍ വെള്ളത്തിലിട്ട് വേണം വെക്കാൻ.
മുട്ട ഒരുമിച്ച് പുഴുങ്ങി വെക്കുന്ന ശീലം നിങ്ങള്‍ക്ക് ഉണ്ടെങ്കി എപ്പോഴും പുഴുങ്ങി കഴിഞ്ഞ് 2 മണിക്കൂറിനുള്ളില്‍ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റുക. കൂടുതല്‍ സമയം പുറത്തുവെച്ചാല്‍ ബാക്ടീരിയകള്‍ പെരുകാൻ സാധ്യതയുണ്ട്. അടപ്പുള്ള നല്ല പാത്രങ്ങളില്‍ സൂക്ഷിക്കുന്നത് മുട്ട ഉണങ്ങിപ്പോകാതിരിക്കാനും ദുർഗന്ധം വരാതിരിക്കാനും സഹായിക്കും.
മുട്ട ഫ്രിഡ്ജിന്റെ വാതിലിലെ ഷെല്‍ഫില്‍ വെക്കരുത്. നല്ല തണുപ്പ് കിട്ടുന്ന തട്ടുകളില്‍ വേണം വെക്കാൻ. ഫ്രിഡ്ജില്‍ വെച്ചിരിക്കുന്നു എന്നത് കൊണ്ട് ഒരാഴ്ചയില്‍ കൂടുതല്‍ മുട്ട സൂക്ഷിക്കരുത്. ചിലപ്പോള്‍ ഇതൊക്കെ ചെയ്താലും മുട്ട കേടായെന്ന് വരാം. അങ്ങനെ സംശയം തോന്നിയാല്‍ ഒരിക്കലും കഴിക്കരുത്.
മുട്ട ഫ്രീസറില്‍ സൂക്ഷിക്കുന്നതും നല്ലതല്ല. ഫ്രീസറിന്റെ തണുപ്പില്‍ മുട്ടയുടെ വെള്ള റബ്ബർ പോലെയാകുകയും രുചി നഷ്ടപ്പെടുകയും ചെയ്യും. എപ്പോഴും മുട്ട ഫ്രഷ് ആയി കഴിക്കുന്നത് തന്നെയാണ് രുചിക്കും ആരോഗ്യത്തിനും നല്ലത്.






