വടകര: എംഡിഎംഎ കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബി.ആർ.സി. മുൻ അധ്യാപിക കീർത്തനയുടെ അക്കൗണ്ട് വഴി നടന്ന ഇടപാട് വിവരങ്ങൾ പുറത്ത്. അഞ്ചുമാസത്തിനിടെ നടന്നത് 15 ലക്ഷം രൂപയുടെ ഇടപാട്.
ഇതിന്റെ പൂർണവിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോലീസും എക്സൈസും രജിസ്റ്റർചെയ്ത വിവിധ എംഡിഎംഎ കേസുകളിലെ പ്രതികളുമായി ഇവർ ഇടപാട് നടത്തിയതായും വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞദിവസം കോടതിയിൽനിന്ന് പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ തനിക്ക് ഇതിൽ പങ്കില്ലെന്നും തന്റെ അക്കൗണ്ട് വഴി പോലീസ് പറയുന്ന ഇടപാടൊന്നും നടന്നിട്ടില്ലെന്നും അക്കൗണ്ട് പരിശോധിച്ചാൽ അത് മനസ്സിലാകുമെന്നും കീർത്തന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാൽ, ചോദ്യംചെയ്യലിനിടെ അക്കൗണ്ട് ഇടപാട് സംബന്ധിച്ച വിവരങ്ങൾ കീർത്തനയെ കാണിച്ചപ്പോൾ മൗനമായിരുന്നു മറുപടി.
കേസിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന വയനാട് സ്വദേശി ഷിന്റോ പറയുന്നതുപ്രകാരമാണ് കീർത്തന പ്രവർത്തിച്ചത്.
പണം അക്കൗണ്ടിൽ ലഭിച്ചാൽ വിവരം കീർത്തന പറഞ്ഞിരുന്നത് ഷിന്റോയോടാണ്. ഇതിനുശേഷമാണ് പണം അയച്ചവർക്ക് എംഡിഎംഎ ലഭിച്ചത്.
ചോദ്യംചെയ്യലിനോട് പൂർണമായും കീർത്തന സഹകരിച്ചില്ലെങ്കിലും ചില നിർണായക കാര്യങ്ങളിൽ വ്യക്തതവരുത്താൻ അന്വേഷണസംഘത്തിന് സാധിച്ചു. കൂടുതൽ വിവരങ്ങൾ കിട്ടാൻ ചിലപ്പോൾ വീണ്ടും കസ്റ്റഡിയിൽവാങ്ങാൻ സാധ്യതയുണ്ട്.
രണ്ടുദിവസത്തെ ചോദ്യംചെയ്യലിനുശേഷം കീർത്തനയെ വെള്ളിയാഴ്ച വൈകീട്ട് തിരികെ കോടതിയിൽ ഹാജരാക്കി






