കടുത്തുരുത്തി: വൈദ്യുതി ലൈനിൽ വീണ മരക്കൊമ്പ് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് പോസ്റ്റിൽ കുടുങ്ങിയ മധ്യവയസ്കനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഞീഴൂർ തിരുവമ്പാടി മേപ്രയിയിൽ തങ്കച്ചൻ(52) നാണ് വൈദ്യുതാഘാതമേറ്റത്. ഇന്നലെ വൈകിട്ട് 3.30 നാണ് സംഭവം.
വൈദ്യുതി ആഘാതമേറ്റ് അര മണിക്കൂറോളം മരത്തിൽ കുടുങ്ങി കിടന്ന തങ്കച്ചനെ കടുത്തുരുത്തിയിൽനിന്നു ഫയർ ഫോഴ്സ് എത്തി സാഹസികമായി താഴെ ഇറക്കി. ലൈനിൽ വീണ മരക്കൊമ്പ് മാറ്റാൻ വൈദ്യുതി ഓഫ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബിയിൽ വിളിച്ചപ്പോൾ ഫ്യൂസ് ഊരിവച്ചശേഷം കമ്പ് മാറ്റാൻ കെ.എസ്.ഇ ബി. അറിയിക്കുകയായിരുന്നു. ഇതേസമയം പരിസരത്ത് വൈദ്യുതിയില്ല എന്ന വിവരം നാട്ടുകാർ കെ.എസ്ഇ.ബിയിൽ അറിയിച്ചപ്പോൾ അവിടെ നിന്നെത്തിയ ഉദ്യോഗസ്ഥൻ ഊരിവച്ച ഫീസ് കുത്തുകയായിരുന്നു. അവശനിലയിലായ ഇയാളെ താഴയിറക്കിയ ഉടനെ അഗ്നിരക്ഷാ സേന അംബുലൻസിൽ മുട്ടുചിറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായ പരുക്കേറ്റ ഇയാളെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






