തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ വീണ്ടും ആഭ്യന്തര വിവാദം. സംസ്ഥാന അധ്യക്ഷന്റെ പേരിൽ വ്യാജ ലെറ്റർപാഡ് ഉപയോഗിച്ച് അച്ചടക്ക നടപടി പ്രഖ്യാപിച്ചെന്ന പ്രചാരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് ഡിജിപിക്ക് പരാതി നൽകും. തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളാണ് പുതിയ വിവാദത്തിന് വഴിവെച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയുടെ പേരിൽ ഒരു സംസ്ഥാന സെക്രട്ടറിയും മറ്റ് രണ്ട് നേതാക്കളും അച്ചടക്ക നടപടിക്ക് വിധേയരായെന്ന തരത്തിലായിരുന്നു പ്രചാരണം. സംസ്ഥാന അധ്യക്ഷന്റെ പേരിൽ പുറത്തിറങ്ങിയതായി പ്രചരിച്ച വാർത്താക്കുറിപ്പ് വ്യാജമാണെന്നും ലെറ്റർപാഡ് കൃത്രിമമായി നിർമ്മിച്ചതാണെന്നും നേതൃത്വം വ്യക്തമാക്കി. വ്യാജരേഖയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം വേണമെന്നാണ് പാർട്ടിയുടെ ആവശ്യം.
അതേസമയം, സംസ്ഥാന അധ്യക്ഷന്റെ വിശദീകരണത്തിലെ അച്ചടക്ക നടപടി സംബന്ധിച്ച പരാമർശമാണ് എതിർവിഭാഗം ഉയർത്തിക്കാട്ടുന്നത്. പാർട്ടിക്കുള്ളിൽ വിവിധ തരത്തിലുള്ള അച്ചടക്ക നടപടികൾ ഉണ്ടെന്ന പ്രസ്താവനയിൽ കൂടുതൽ വ്യക്തത വേണമെന്നാണ് അവരുടെ ആവശ്യം. ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട നടപടിയില്ലെന്ന നിലപാടാണ് മുതിർന്ന നേതാവ് പി.കെ. കൃഷ്ണദാസും ആവർത്തിച്ചത്.
ഫണ്ട് തട്ടിപ്പല്ല, സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ആഭ്യന്തര വിഷയങ്ങളുമായി ബന്ധപ്പെട്ട നടപടികളാണ് ചിലർക്കെതിരെ ഉണ്ടായതെന്നാണ് നേതൃത്വത്തിന്റെ അനൗദ്യോഗിക വിശദീകരണം. എന്നാൽ വ്യാജ വാർത്താക്കുറിപ്പും ഫണ്ട് വിവാദവും ഒരുമിച്ച് ഉയർന്നതോടെ സംസ്ഥാന ബിജെപിയിലെ ആഭ്യന്തര ഭിന്നത വീണ്ടും ചർച്ചയാകുകയാണ്. പൊലീസ് അന്വേഷണത്തിന്റെ പുരോഗതിയിലേക്കാണ് ഇനി രാഷ്ട്രീയ ശ്രദ്ധ.






