തിരുവനന്തപുരം: തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപം ടെക്നോപാർക്കിലെ രണ്ട് ഐടി ജീവനക്കാർ മരിച്ച വാഹനാപകടത്തിൽ നിർണായക വഴിത്തിരിവ്. ആദ്യം നിയന്ത്രണം വിട്ട് ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടമെന്നായിരുന്നു നിഗമനം. എന്നാൽ വിശദമായ അന്വേഷണത്തിൽ ബൈക്കിന് പിന്നിൽ കാർ ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ കാർ ഓടിച്ച മലയിൻകീഴ് സ്വദേശി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അപകടത്തിൽ എറണാകുളം സ്വദേശി നവീൻ സിബി (25), തൊടുപുഴ സ്വദേശിനി മൃദുല ആൻ ഉമ്മൻ (25) എന്നിവരാണ് മരിച്ചത്. ടെക്നോപാർക്കിലെ സഹപ്രവർത്തകരും അടുത്ത സുഹൃത്തുക്കളുമായിരുന്ന ഇരുവരും നവീന്റെ ജന്മദിനത്തോടനുബന്ധിച്ച് കോവളത്ത് ഭക്ഷണം കഴിച്ച ശേഷം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മൃദുല സംഭവസ്ഥലത്തുവെച്ചും, ഗുരുതരമായി പരിക്കേറ്റ നവീൻ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. ഇരുവർക്കും തലയ്ക്കേറ്റ ഗുരുതര പരിക്കുകളാണ് മരണകാരണമായത്.
അപകടസ്ഥലത്ത് നടത്തിയ പരിശോധനയ്ക്കിടെ ബൈക്കിന്റെ ഹാൻഡിലിൽ കണ്ടെത്തിയ പെയിന്റിന്റെ അടയാളമാണ് പൊലീസിൽ സംശയമുണർത്തിയത്. തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അപകടസമയത്ത് ബൈക്കിന് തൊട്ടുപിന്നിലായി സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് കാർ ബൈക്കിൽ പിന്നിൽ നിന്ന് ഇടിച്ചതും അതാണ് അപകടത്തിലേക്ക് നയിച്ചതെന്നും വ്യക്തമായത്.
അപകടത്തിന് ശേഷം കാർ നിർത്താതെ പോയ വിഷ്ണുവിനെ പിന്നീട് മലയിൻകീഴിലെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. ആളുകൾ ഓടിക്കൂടി ആക്രമിക്കുമെന്ന ഭയത്താലാണ് വാഹനം നിർത്താതെ പോയതെന്ന് ഇയാൾ പൊലീസിനോട് മൊഴി നൽകി. ബൈക്ക് കാറിൽ തട്ടിയതായി മനസ്സിലായിരുന്നെങ്കിലും, പരിക്കേറ്റവരുടെ അവസ്ഥ കണ്ടതോടെ പരിഭ്രാന്തനായി സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.






